വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടി; ദമ്പതികൾ പിടിയിൽ
text_fieldsപ്രതി വി.എസ്. സുജിത്ത്
മാവേലിക്കര: സമൂഹ മാധ്യമത്തിൽ ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടിയ കേസിൽ മാവേലിക്കര സ്വദേശികളായ ദമ്പതികൾ പിടിയിൽ. മാവേലിക്കര തഴക്കര, കുന്നം പറയിരേത്ത് വീട്ടിൽ വി.എസ്. സുജിത്ത് (23), ഭാര്യ കൊല്ലം സ്വദേശിനി സാന്ദ്ര (23) എന്നിവരാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്ന് പരാതിക്കാരിയുടെ ഫോട്ടോകൾ കൈക്കലാക്കി പ്രതികൾ മൂന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് വ്യാജമായി നിർമിച്ചത്. പിന്നീട് ഫോട്ടോ ഉപയോഗിച്ച് മറ്റു രണ്ടു പ്രൊഫൈലുകൾ കൂടി നിർമിച്ചു. തുടർന്ന് പരാതിക്കാരിയാണെന്ന വ്യാജേന താൻ വിധവയാണെന്നും തന്റെ കുഞ്ഞിന് അസുഖമാണെന്നും ചികിത്സയ്ക്കായി പണമയച്ചു സഹായിക്കണമെന്നും പറഞ്ഞ് പലരോടും ഈ വ്യാജ പ്രൊഫൈലുകൾ വഴി പ്രതികൾ ചാറ്റ് ചെയ്തു. ഇരുവരുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും പേ ടി.എം നമ്പറും ചാറ്റിലൂടെ പലർക്കും അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുന്നതുവരെ പതിനായിരത്തിൽപരം രൂപയാണ് തട്ടിപ്പിലൂടെ പ്രതികൾ കൈക്കലാക്കിയത്. പരാതിക്കാരിയുടെ യഥാർഥ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കുട്ടിയുടെ അസുഖവിവരങ്ങൾ അന്വേഷിച്ച് മെസേജുകൾ വന്നു തുടങ്ങിയപ്പോഴാണ് തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പു നടക്കുന്നതായി യുവതി അറിഞ്ഞത്. തുടർന്ന് പണം നഷ്ടമായവർ നൽകിയ വിവരങ്ങൾ സഹിതം പരാതിക്കാരി ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.ടി. ലിജിമോൾ, വി.എസ്. ശരത് ചന്ദ്രൻ, സി.പി.ഒമാരായ വിഷ്ണു ദേവാനന്ദ്, വിദ്യ ഒ. കുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഒന്നാം പ്രതി സുജിത്തിനെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. പ്രിയങ്ക മുമ്പാകെ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

