ചെട്ടികുളങ്ങര ഉത്സവലഹരിയിൽ
text_fieldsകെട്ടുകാഴ്ച നിർമാണത്തോടനുബന്ധിച്ച് കരകളിൽ നടത്തുന്ന
കുതിരമൂട്ടിൽ കഞ്ഞിയിൽ പങ്കെടുക്കുന്നവർ
മാവേലിക്കര: ഐതിഹ്യത്തിന്റെ പെരുമയും ആചാരാനുഷ്ഠാനങ്ങളുടെ വൈവിധ്യവുമാണ് കുംഭഭരണി. ഇതിന്റെ നേർ ചിത്രമാണ് കുതിരമൂട്ടിൽ കഞ്ഞി. ഓരോ ദിവസവും കഞ്ഞി കുടിക്കാൻ വൻ ഭക്തജനത്തിരക്കാണ്. കെട്ടുകാഴ്ച നിർമാണത്തോടനുബന്ധിച്ചു നടത്തുന്ന അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി. കഞ്ഞി, മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം, ഉണ്ണിയപ്പം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുന്നത്. കഞ്ഞികുടിക്കാൻ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. തറയിൽ ചമ്രം പടഞ്ഞിരുന്നാണ് കഞ്ഞി കുടിക്കുന്നത്.
വിഭവങ്ങളെല്ലാം തയ്യാറായി കഴിഞ്ഞാൽ വഴിപാടുകാർ കെട്ടുകാഴ്ച നിർമാണ സ്ഥലത്തെത്തി വെറ്റിലയും പുകയിലയും ദക്ഷിണ വെച്ച് കരക്കാരെ ക്ഷണിക്കും. കെട്ടുകാഴ്ചയുടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്നവർ കുത്തിയോട്ട പാട്ടുപാടി കഞ്ഞിസദ്യ നടക്കുന്ന സ്ഥലത്തെത്തുമ്പോൾ താലപ്പൊലിയും വായ്ക്കുരവയുമായി വീട്ടുകാർ എതിരേൽക്കും. തുടർന്നാണ് കഞ്ഞിസദ്യ. കരപ്രമാണിമാരുടെ പ്രാർഥനയിലും തപസ്സിലും സംതൃപ്തയായ കൊടുങ്ങല്ലൂരമ്മ ചെട്ടികുളങ്ങര ദേശത്ത് എത്തിയെന്നും ഇന്ന് ക്ഷേത്രംനിൽക്കുന്ന സ്ഥലത്തിനു സമീപത്തുള്ള ഇല്ലത്ത് പുരകെട്ടിമേയുന്ന ദിവസം വൃദ്ധമാതാവിന്റെ രൂപത്തിലെത്തിയ ദേവി അവിടെനിന്നു കഴിച്ച ആഹാരം കഞ്ഞിയും മുതിരപ്പുഴുക്കും അസ്ത്രവുമാണെന്നാണ് ഐതിഹ്യം.
പിന്നീട് ഓണാട്ടുകരയിലെ കർഷകർ തങ്ങളുടെ വിളകളിൽ പ്രധാനമായ അരി, ചേന, കാച്ചിൽ, ചേമ്പ്, മുതിര തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന വിശിഷ്ട വിഭവം ആഘോഷനാളുകളിൽ ഭഗവതിക്കായി നേദിക്കുന്നു എന്നതാണ് കുതിരമൂട്ടിൽ കഞ്ഞിയുടെ സങ്കല്പം.
ഓണാട്ടുകരയിലെ ഭവനങ്ങളിൽ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്. ഉണങ്ങിയ കൊഞ്ചും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി കുംഭഭരണി നാളിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. കുംഭഭരണിയടുത്തതോടെ കൊഞ്ചും മാങ്ങയും കടകളിൽ സുലഭമായി കച്ചവടം തുടങ്ങി.
കുംഭഭരണിയും കൊഞ്ചും മാങ്ങയും തമ്മിലുളള ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. കൊഞ്ചും മാങ്ങയും ചേർത്തുളള കറി പാചകം ചെയ്ത്കൊണ്ടിരുന്ന വീട്ടമ്മ കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർഥിച്ചിട്ട് കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. കുത്തിയോട്ട വരവ് കണ്ടുനിന്ന് അടുപ്പത്തിരുന്ന കറിയുടെ കാര്യം വീട്ടമ്മ മറന്നു പോയി. നേരമേറെക്കഴിഞ്ഞപ്പോൾ കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് ഓടിയെത്തിയപ്പോൾ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്. ഇത് നാട്ടിലാകെ പ്രചരിച്ചു. ഇതോടെ കൊഞ്ചുംമാങ്ങ കരകളിലെ ഇഷ്ടവിഭവമായി മാറിയെന്നാണ് ഐതിഹ്യം.

