അർബുദം ബാധിച്ച മാതാവും പരിക്കേറ്റ മകനും കാരുണ്യം തേടുന്നു
text_fieldsപത്മകുമാരി വീടിന് മുന്നിൽ
മാവേലിക്കര: അർബുദം ബാധിച്ച അമ്മയും അപകടത്തിൽ പരിക്കേറ്റ കാലിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള മകനും സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചെട്ടികുളങ്ങര ഈരേഴ വടക്ക് ഷീറ്റിട്ട കൂരയിൽ കഴിയുന്ന പത്മകുമാരി (47), മകൻ ഹരി വിഷ്ണു (23) എന്നിവരാണ് കാരുണ്യം തേടുന്നത്.
2017ൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ഹരി കിടപ്പിലായി. കോന്നി എൻ.എസ്.എസ് കോളജിൽ ബി.ബി.എക്ക് പഠിക്കുമ്പോഴായിരുന്നു അപകടം. കിടപ്പിലായ ഹരി വിഷ്ണു അധ്യാപകരുടെയും സഹപാഠികളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. മകന് എല്ലാ പിന്തുണയും നൽകിയ അമ്മ പത്മകുമാരിക്ക് ഇതിനിടെ അർബുദം പിടിപെട്ടു. പത്മകുമാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.
നാല് കീമോയും കഴിഞ്ഞു. അതിനിടെ, ഹരി വിഷ്ണു ഇടറിവീണ് കാലിെൻറ ചിരട്ട തകർന്നു. ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ശരിയായ വിധത്തിൽ നടക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ നിർദേശിച്ചു. കോവിഡ് പരിശോധന നടത്തി ശസ്ത്രക്രിയക്ക് ഹരി വിഷ്ണു കാത്തിരിക്കുകയാണ്. ഇരുവരെയും സഹായിക്കാനും വീട് നിർമിച്ചുനൽകാനുമായി സുമനസ്സുകൾ കൂട്ടായ്മ രൂപവത്കരിച്ചു.
പത്മകുമാരിയുടെ പേരിൽ എസ്.ബി.ഐ ചെട്ടികുളങ്ങര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67325794236. ഐ.എഫ്.എസ്.ഇ കോഡ്: SBIN0070934. ഫോൺ: 9497069641.

