മാവേലിക്കര: തഴക്കരയിൽ വാടകക്ക് താമസിക്കുന്ന വീട്ടിൽനിന്നും കാറിൽനിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മാവേലിക്കര ജില്ല ആശുപത്രിക്ക് പടിഞ്ഞാറ് വീടിെൻറ താഴത്തെ നിലയിൽ വാടകക്ക് താമസിക്കുന്ന കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയെയാണ്(32) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
പരിശോധന നടത്തുമ്പോൾ നിമ്മിയുടെ എട്ട് വയസ്സുള്ള മകനും നാല് വയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു. ഇവരെ നിമ്മിയുടെ ബന്ധുവിന് പൊലീസ് കൈമാറിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടനേതാവ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40) ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിലായ ഇയാൾക്കുവേണ്ടി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. അമ്പതോളം കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലിജു ഉമ്മനെതിരെ ഉള്ളത്.
വിദേശത്തുള്ള ഭർത്താവുമായി അകൽച്ചയിലായ നിമ്മിയുമായി ലിജു അടുപ്പം സ്ഥാപിച്ചു. തുടർന്ന് ലഹരി ഇടപാടുകൾക്ക് ഇവരെ ഉപയോഗിക്കുകയായിരുന്നു. ആഡംബര വാഹനങ്ങളിൽ യുവതിെയയും കുട്ടികളെയും ഒപ്പംകൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് പരിശോധന ഒഴിവാകുമായിരുന്നു.
രഹസ്യ വിവരത്തെത്തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിെല സ്പെഷൽ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. വീട്ടിൽനിന്നും മുറ്റത്തുണ്ടായിരുന്ന സ്കോഡ കാറിൽനിന്നുമായി 29 കിലോ കഞ്ചാവ്, മൂന്ന് പ്ലാസ്റ്റിക് കുപ്പികളിലായി നാലര ലിറ്റർ ചാരായം, രണ്ട് കന്നാസിലായി 30 ലിറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, വീടിെൻറ അടുക്കളയിൽനിന്ന് വാറ്റുപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
ലിജു ഉമ്മെൻറ നേതൃത്വത്തിൽ കഞ്ചാവും മറ്റും വീട്ടിൽ ശേഖരിച്ചശേഷം ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിൽ നിമ്മി എത്തിച്ചു കൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.