ദേശീയപാതയിൽ രൂപപ്പെട്ട വൻഗർത്തം; രാത്രിയിൽ സിമന്റ് ഉപയോഗിച്ച് മൂടിയത് നാടകീയരംഗങ്ങൾക്ക് വഴിതെളിച്ചു
text_fieldsദേശീയപാതയിലെ ഗർത്തം സിമന്റിട്ട് മൂടിയ നിലയിൽ
ചേർത്തല: ദേശീയപാത-66ൽ പതിനൊന്നാം മൈലിലെ ഉയരപ്പാതയിൽ രൂപപ്പെട്ട വൻഗർത്തം രാത്രിയിൽ സിമന്റ് ഉപയോഗിച്ച് മൂടിയത് നാടകീയരംഗങ്ങൾക്ക് വഴിതെളിച്ചു. പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർ എന്ത് ചെയ്യണമെന്നറിയാതെ മണിക്കൂറോളം കുഴങ്ങി.
ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് പതിനൊന്നാം മൈലിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ആഴമേറിയ ഗർത്തം രൂപപ്പെട്ടത്. പിന്നീട് ദേശീയപാത അധികൃതർ കുഴിമൂടാൻ മണ്ണുമാന്തിയുമായി എത്തിയെങ്കിലും പ്രദേശവാസികളും യാത്രക്കാരും സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ കുഴി മൂടാതെ മടങ്ങി. അർധരാത്രിയോടെ എല്ലാവരും മടങ്ങിയപ്പോൾ സിമന്റും കല്ലും ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ കെ.പി.സി.സി സെക്രട്ടറി എസ്. ശരത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ടാറിങ് തടസ്സപ്പെടുത്തി.
നിർമാണത്തിലെ അപാകത മറക്കാനുള്ള ശ്രമമാണിതെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയെങ്കിലും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. കുഴി മൂടുന്നതിന് മുമ്പ് പരിശോധന നടത്തണമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ഒരു മാസം മുമ്പ് ഈ മേഖലയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിരുന്നു. ഗർത്തം ഉണ്ടായ ഭാഗത്തിന് സമീപമാണ് പൈപ്പ് പൊട്ടിയിരുന്നത്. ഇത് പരിഹരിച്ചെങ്കിലും പൈപ്പ് പൊട്ടിയപ്പോൾ ഒഴുകിപ്പോയ വെള്ളത്തോടൊപ്പം മണ്ണും പോയതാണ് റോഡ് താഴ്ന്ന് ഗർത്തമുണ്ടാകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉടൻ തന്നെ പരിശോധിച്ച് പൈപ്പുകൾ മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ജനറൽ മാനേജർ ജോൺ ജീവൻ പറഞ്ഞു. ഇപ്പോൾ ചെയ്തത് താത്കാലിക സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗർത്തം സിമന്റിട്ട് മൂടിയതോടെ ഉള്ളിലെ മണ്ണിടിച്ചിലിന്റെയും ജലചോർച്ചയുടെയും യഥാർഥ കാരണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്. വിദഗ്ധ പരിശോധന കൂടാതെ മൂടിയത് വൻ അപകടത്തിന് വഴിവെക്കുമെന്ന് വിദഗ്ധർ പറയുന്നു. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതകൾ പരിഹരിക്കാൻ ഉന്നതതല പരിശോധന അടിയന്തരമായി നടത്തണമെന്നും മുഖ്യമന്ത്രി ഇടപെട്ട് ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ തിരുത്തലുകൾ വരുത്താൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് പി. പ്രസാദ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
നിർമാണത്തിൽ വീണ്ടും ആശങ്ക
ചേർത്തല: ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെട്ടതോടെ നിർമാണ രീതികളിൽ വീണ്ടും ആശങ്ക ശക്തമാകുന്നു. ദേശീയപാതയിലെ ആലപ്പുഴ-തുറവൂർ റോഡിന്റെ നിർമാണ രീതിക്കെതിരെ മുമ്പും വ്യാപകമായ പരാതി ഉയർന്നിരുന്നു. ലോക്ക് ചെയ്തു സ്ഥാപിക്കുന്ന കട്ടകൾ വശങ്ങളിൽ ഒറ്റവരി മാത്രമായി നിരത്തി മണൽ നിരത്തുന്നതിനെതിരെയായിരുന്നു പരാതികൾ. ജില്ലയിലെ തിരുവിഴ, അർത്തുങ്കൽ ബൈപാസ്, തങ്കികവല, വയലാർ കവല തുടങ്ങിയ ഇടങ്ങളിലെ മേൽപാതയിൽനിന്നും വശങ്ങളിലെ ലോക്ക് ചെയ്യുന്ന കട്ടകളുടെ വിടവിലൂടെ നേരത്തെയും മഴയിൽ മണ്ണൊഴുകുന്ന സ്ഥിതിയുണ്ടായിരുന്നു. കുടിവെള്ള കുഴൽ പോലും നീക്കാതെ അതിനുമേലെ കട്ടകൾ സ്ഥാപിച്ചുള്ള നിർമാണത്തിനെതിരെ ജല അതോറിറ്റിയിലും കലക്ടർക്കും നാട്ടുകാർ പരാതി നൽകിയിരുന്നു.
ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട ഭാഗത്ത് അധികൃതരുടെ കൃത്യമായ മേൽനോട്ടമുണ്ടാകാതിരുന്നതാണ് അപകടത്തിന് കാരണമായത്. മഴ ശക്തമാകുമ്പോൾ മണ്ണ് ഒലിച്ചിറങ്ങാനും റോഡ് താഴാനുമുള്ള സാധ്യത മുൻകൂട്ടി കാണുകയോ പരിശോധനകൾ നടത്താനോ അധികൃതർ തയാറായില്ലെന്ന പരാതിയാണ് ജനങ്ങൾ ഉന്നയിക്കുന്നത്. അശാസ്ത്രീയമായ നിർമാണങ്ങളുടെ പശ്ചാത്തലത്തിൽ എന്ത് വിശ്വാസത്തിലാണ് ഈ പാതയിലൂടെ സഞ്ചരിക്കുകയെന്നും നാട്ടുകാർ ചോദിക്കുന്നു.
ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഉറപ്പ് സംബന്ധിച്ചും പരാതിയുണ്ട്. ജില്ലയിലെ തുറവൂർ മുതൽ പറവൂർ വരെ വേമ്പനാട് കായലിലെ മണലും പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ തോട്ടപ്പള്ളിയിലെ മണലുമാണ് ഉപയോഗിച്ചിരിക്കുന്നത്. മണ്ണ് ക്ഷാമം മൂലം മന്ദഗതിയിലായിരുന്ന ദേശീയപാത നിർമാണം ജലാശയങ്ങളിലെ മണൽ എത്തിച്ചു തുടങ്ങിയതോടെയാണ് വേഗത്തിലായത്. ഈ മണലിന് കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയെ അതിജീവിക്കാനുള്ള കരുത്തുണ്ടാകുമോയെന്ന ആശങ്കയാണ് ഉയർന്നിരുന്നത്. കായലിൽനിന്ന് ഡ്രജ് ചെയ്യുന്ന മണൽ ചെളി വിഭാഗത്തിൽപെടുന്നതും ഉപ്പു രസമുള്ളതും ഷെൽ വസ്തുക്കൾ അടങ്ങിയിട്ടുള്ളതുമായതിനാൽ നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

