കയർമേഖലയിൽ വൻ പ്രതിസന്ധി; ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ
text_fieldsആലപ്പുഴ: കയർമേഖലയിൽ പ്രതിസന്ധി രൂക്ഷമായതോടെ ചെറുകിട ഫാക്ടറി ഉടമകൾ സമരത്തിലേക്ക്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച ചേർത്തലയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. വർധിച്ച ഉൽപാദന ചെലവും കയറിന്റെ ദൗർലഭ്യവും കാരണം ചെറുകിട കയർ ഫാക്ടറികൾ പ്രതിസന്ധിയിലാണ്.
ഉൽപാദന ചെലവിന് ആനുപാതികമായി ഉൽപന്ന വില വർധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ഉൽപന്ന വില പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രീവൻസ് കമ്മിറ്റി വിളിക്കാൻ കയർ കോർപറേഷൻ പലതവണ അറിയിപ്പ് നൽകിയെങ്കിലും കയറ്റുമതിക്കാരുടെ അസൗകര്യം മൂലം മാറ്റിവെക്കേണ്ടിവന്നു. കൂലി വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളും സമരവഴിയിലാണ്.
കയറിന്റെ വില എട്ടുശതമാനം കൂടിയിട്ടും അതിനെ അടിസ്ഥാനമാക്കി കൂലിയും വിലവർധനവുമുണ്ടായിട്ടില്ല. കയർ കോർപറേഷന്റെ കീഴിലുള്ള 50ലധികം ചെറുകിട സംഘങ്ങൾ ഓർഡർ കിട്ടാതെ വലയുന്നത്.
ചെറുകിടക്കാരന് 10 സ്ക്വയർഫീറ്റാണ് ഒരുദിവസത്തെ തൊഴിൽദിനമായി കണക്കാക്കുന്നത്. ഇതനുസരിച്ച് 600 രൂപയാണ് കൂലി. 2018ലാണ് അവസാനമായി കയർ ഉൽപന്നങ്ങൾക്ക് വിലയും തൊഴിലാളികൾക്ക് കൂലിയും കൂട്ടിയത്. കയർപിരി സംഘങ്ങൾക്കും വൻതുക കൂലി ഇനത്തിൽ കൊടുക്കാനുണ്ട്.
തമിഴ്നാട്ടിൽനിന്ന് ഏജൻസി വഴി ശേഖരിക്കുന്ന ചകിരിക്കും ലക്ഷങ്ങളുടെ ബാധ്യതയാണ്. ഡിപ്പോ സമ്പ്രദായം അവസാനിപ്പിച്ച് തൊഴിലാളികൾക്ക് യഥാർഥകൂലിയും ചെറുകിട ഉടമകൾക്ക് വിലയും കിട്ടുന്ന സംവിധാനമുണ്ടായിരുന്നു. കയറ്റുമതിക്കാർക്ക് മുഴുവൻ ഓർഡറുകൾ കിട്ടുകയും 10 ശതമാനം ഡിസ്കൗണ്ടും നൽകിയിരുന്നു.
ഇതെല്ലാം പാളിയതോടെ ഇടനിലക്കാരുടെ ചൂഷണമാണ് നടക്കുന്നത്. കയർ കോർപറേഷനും ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചെറുകിട കയർ ഫാക്ടറി ഉടമസംഘങ്ങൾ ആരോപിക്കുന്നു.
കയറിന് നിലവിലുണ്ടായിരുന്ന സബ്സിഡി പുനഃസ്ഥാപിക്കുക, ഉൽപാദന മേഖലക്ക് ആവശ്യമായ കയർ റണ്ണേജ് അനുസരിച്ച് കയർഫെഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചേർത്തല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമരപ്രഖ്യാപന കൺവെൻഷൻ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിക്കും. കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
വാർത്തസമ്മേളനത്തിൽ സംയുക്ത സമരസമിതി ഭാരവാഹികളായ ഡി. സനൽകുമാർ, എം. അനിൽകുമാർ, കെ.വി. സതീശൻ, എൻ.വി. തമ്പി, കെ.കെ. പ്രഭു, ഇ.ഡി. രാജേന്ദ്രൻ, കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

