കള്ളവോട്ട്: പോളിങ് ഏജൻറുമാർ എതിർത്തതോടെ സ്ത്രീ ഓടിമറഞ്ഞു
text_fieldsമണ്ണഞ്ചേരി: കള്ളവോട്ട് ചെയ്യാനെത്തിയ സ്ത്രീ പോളിങ് ഏജൻറുമാർ എതിർത്തതോടെ ഓടിമറഞ്ഞു. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കൈതത്തിൽ ക്ഷേത്രത്തിന് സമീപം കമ്യൂണിറ്റി ഹാൾ ബൂത്തിലാണ് സംഭവം. ഒരു സ്ത്രീതന്നെ രണ്ട് ബൂത്തിലായി വോട്ട് ചെയ്തതായാണ് പരാതി.
രണ്ടിടത്തെയും വോട്ടർ പട്ടികയിൽ പേരുള്ള ഇവർ രണ്ടാമത്തെ ബൂത്തിൽ വോട്ട് ചെയ്തപ്പോൾ സംശയം തോന്നി പോളിങ് ഏജൻറുമാർ പൊലീസിനോട് പറയുകയും ബൂത്തിെൻറ വാതിലുകൾ അടച്ചെങ്കിലും സി.പി.എം പ്രവർത്തകർ തുറന്നുകൊടുത്തതായാണ് യു.ഡി.എഫ് ആരോപണം.
വനിത പൊലീസ് ഇല്ലാത്തതിനാൽ പിടികൂടാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. ആലപ്പുഴ നോർത്ത് പൊലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച് ഇലക്ഷൻ കമീഷന് പരാതി നൽകുമെന്ന് യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു.