
കൊലപാതകക്കേസിൽ റിമാൻഡിലായ പ്രതികളുടെ വീട്ടിൽ മോഷണം; 10 പവനും പണവും നഷ്ടപ്പെട്ടു
text_fieldsമണ്ണഞ്ചേരി (ആലപ്പുഴ): കൊലപാതകക്കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസ് കസ്റ്റഡിയിലായിരുന്ന വീട്ടിൽനിന്ന് 10 പവനും 10,000 രൂപയും മോഷണം പോയതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പട്ടാട്ടുചിറയിൽ ലോകേശെൻറ വീട്ടിലാണ് മോഷണം നടന്നത്.
അയൽവാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ ലോകേശനും ഭാര്യ അജിതകുമാരിയും മകൾ അരുന്ധതിയും ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ 21നായിരുന്നു കൊലപാതകം. തുടർന്ന് മണ്ണഞ്ചേരി പൊലീസ് മൂവരെയും വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ലോകേശെൻറ സഹോദരൻ സതീശനാണ് വീടിെൻറ താക്കോൽ സൂക്ഷിച്ചിരുന്നത്. എന്നാൽ, പിന്നീട് പൊലീസെത്തി താക്കോൽ വാങ്ങിക്കൊണ്ടുപോയതായി സതീശൻ പറഞ്ഞു.
കഴിഞ്ഞദിവസം പ്രതികളെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ്, ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് അലമാരയിൽനിന്ന് പണവും സ്വർണവും രേഖകളും മോഷ്ടിച്ചതായി മനസ്സിലായത്. എന്നാൽ, ഇക്കാര്യം പൊലീസ് മറ്റാരോടും പറഞ്ഞില്ല. പൊലീസ് കാവലിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. ബന്ധുക്കളെയോ മറ്റുള്ളവരെയോ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കെവ കോടതിയിൽ എത്തിയപ്പോഴാണ് ലോകേശൻ ബന്ധുവിനോട് മോഷണവിവരം പറഞ്ഞത്. പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പരാതിയുമായി വന്നാൽ മറ്റുരണ്ട് മക്കളെകൂടി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ, ഇത്തരമൊരു മോഷണം നടന്നതായി വിവരമില്ലെന്നും പ്രതികളുടെ വീടിെൻറ താക്കോൽ പൊലീസ് സൂക്ഷിച്ചിട്ടില്ലെന്നും മണ്ണഞ്ചേരി സി.ഐ രവി സന്തോഷ് പറഞ്ഞു.