"നവം ആരോഗ്യ ആര്യാട്' പദ്ധതിയുമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്
text_fieldsആര്യാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്
എൻ.പി. സ്നേഹജൻ അവതരിപ്പിക്കുന്നു
മണ്ണഞ്ചേരി: ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ അടുത്ത അഞ്ച് വർഷക്കാലം 'നവം ആരോഗ്യ ആര്യാട്' എന്ന പദ്ധതി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കും. ബജറ്റിൽ ഇതിനായി 54 ലക്ഷം വകയിരുത്തി. കുട്ടികളുടെ മാനസിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും കല-കായിക മേഖലകളിലും ശുചിത്വ അവബോധം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിന് കാർബൺ ന്യൂട്രൽ, ആർട്ട് ലാബ് എന്നീ പദ്ധതികൾക്കായി 35 ലക്ഷവും വകയിരുത്തി.
നോളജ് എക്കോണമി മിഷൻ വഴി ചെറുപ്പക്കാർക്ക് 100 സ്റ്റാർട്ട് അപ് പദ്ധതികളിലൂടെ തൊഴിൽ നൽകുന്നതിനും ഹൈടെക് കൃഷി രീതിയിലൂടെ ചെറുപ്പക്കാർക്ക് കാർഷിക മേഖലയിൽ പഞ്ചായത്തിൽ ഒരു വിള, രണ്ടാം കൃഷി, ധാന്യ കൃഷി ലക്ഷ്യം വച്ചുള്ള പദ്ധതിക്കും തുക വകയിരുത്തി. ക്ഷീര മേഖലയിൽ പാലിനും കാലിതീറ്റക്കും സബ്സിഡിയോടൊപ്പം ചാണക ഡ്രയർ യൂനിറ്റും തൊഴിലാളികളുടെ ലേബർ ബാങ്ക് സജ്ജമാക്കുന്നതിനും ഒരു കോടി 20 ലക്ഷവും വകയിരുത്തി.
വയോജനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ 84 വാർഡുകളിലും വയോജന സൗഹൃദകൂട്ടങ്ങൾ രൂപവത്കരിച്ച് എല്ലാ മാസവും ആരോഗ്യ പരിശോധന നടത്തും.
മുതിർന്ന പൗരൻമാർക്ക് തൊഴിൽ പരിശീലനമുൾപ്പെടെയുള്ള പദ്ധതിക്ക് രൂപം കൊടുക്കുകയും അതിനായി 30 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് മിനി സിവിൽ സ്റ്റേഷൻ ഒരുക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ 14 ഡിവിഷനുകളിലും അടിസ്ഥാന സൗകര്യ വികസനത്തിനായി 75 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലയിലാക്കുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി. 18, 41,32,983 രൂപ വരവും 18,31,67,874 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എൻ.പി. സ്നേഹജൻ അവതരിപ്പിച്ചു. പ്രസിഡന്റ് പി.ഡി. ശ്രീദേവി അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

