മണ്ണഞ്ചേരിയിൽ തെരുവുനായ് ശല്യം രൂക്ഷം; ഭീതിയിൽ നാട്ടുകാർ
text_fieldsമണ്ണഞ്ചേരി: മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം അതിരൂക്ഷമാകുന്നു. രാപ്പകൽ ഭേദമില്ലാതെ കൂട്ടമായി എത്തുന്ന നായകൾ കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ്. മണ്ണഞ്ചേരി ജങ്ഷൻ കേന്ദ്രീകരിച്ച് മാത്രം അമ്പതോളം തെരുവ് നായകളാണ് താവളമടിച്ചിരിക്കുന്നത്. തെരുവ്നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഇതിനോടകം പരിക്കേറ്റത്.
കഴിഞ്ഞ ദിവസം മണ്ണഞ്ചേരി നേതാജിയിൽ ആറു വയസ്സുകാരനടക്കം നിരവധി പേർക്ക് നായുടെ കടിയേറ്റിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ ഈ നായക്ക് ആരോഗ്യവകുപ്പ് പേവിഷബാധ സ്ഥിരീകരിച്ചത് നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സ്കൂൾ വിട്ട് സൈക്കിളിൽ വരികയായിരുന്ന എട്ടാം ക്ലാസുകാരിക്ക് നേരെയും തെരുവ് നായ കൂട്ടത്തിന്റെ ആക്രമണം ഉണ്ടായി. നായകളെ കണ്ട് ഭയപ്പെട്ട് സൈക്കിളിൽ നിന്ന് വീണ കുട്ടിയുടെ എല്ലിന് പൊട്ടലേറ്റു.
മനുഷ്യർക്ക് പുറമെ പൂച്ചകളടക്കമുള്ള വളർത്തു മൃഗങ്ങളെയും കോഴികളെയും ഇവ കൂട്ടത്തോടെ എത്തി ആക്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂച്ച ചത്തു കിടക്കുന്നത് നായയുടെ ആക്രമണം മൂലമാണെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ ട്യൂഷനും മറ്റും പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ഭീതിയിലാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. നായ ശല്യം രൂക്ഷമായതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ നായകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, പ്രതിരോധ കുത്തിവെപ്പ് കൊണ്ട് മാത്രം ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവ് നായ ശല്യം ഒഴിവാക്കാൻ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവുനായകളുടെ എണ്ണം പെരുകുന്നത് തടയാൻ വന്ധ്യംകരണ പദ്ധതി (എ.ബി.സി) പഞ്ചായത്ത് തലത്തിൽ കാമ്പുകൾ സംഘടിപ്പിച്ച് അടിയന്തരമായി നടപ്പിലാക്കണം. തെരുവുകളിൽ നായകൾ കൂട്ടത്തോടെ എത്തുന്നതിന് പ്രധാന കാരണം വലിച്ചെറിയപ്പെടുന്ന ഭക്ഷണ മാലിന്യങ്ങളാണ്.
മാലിന്യ സംസ്കരണം കർശനമാക്കുകയും ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഉറപ്പാക്കുകയും, ഹോട്ടലുകൾ, അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ അലക്ഷ്യമായി തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.അക്രമകാരികളായ നായകളെയും രോഗം ബാധിച്ചവയെയും പിടികൂടി പാർപ്പിക്കുന്നതിനായി പ്രത്യേക ഷെൽട്ടറുകൾ അല്ലെങ്കിൽ ഡോഗ് പാർക്കുകൾ സജ്ജമാക്കണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയായ തെരുവ് നായ ശല്യത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നും മണ്ണഞ്ചേരി ഗ്രാമം കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകുമെന്ന് സാമൂഹിക പ്രവർത്തികനും പ്രവാസിയുമായ നസീർ മരോട്ടിച്ചുവട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

