പ്രതീക്ഷയുടെ നൂലിഴ തീർത്ത് മണ്ണഞ്ചേരി ഖാദി യൂനിറ്റ്
text_fieldsമണ്ണഞ്ചേരി ഖാദി യൂനിറ്റ്
മണ്ണഞ്ചേരി: ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങൾക്ക് നൂലിഴകൾ തീർത്ത് ഖാദി യൂനിറ്റ്. ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ആര്യാട് ഡിവിഷനിൽ മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡിൽ പ്രവർത്തിക്കുന്ന ഖാദി കേന്ദ്രമാണ് വികസനകുതിപ്പിൽ ഒരുനാടിന്റെ പ്രതീക്ഷയാവുന്നത്. പുതിയ നെയ്ത്ത് യൂനിറ്റിൽ ദിവസം ശരാശരി 15 മീറ്റർ ഖാദി തുണിത്തരങ്ങളും 192 കഴി നൂലുമാണ് ഉൽപാദിപ്പിക്കുന്നത്.
ജില്ല ഖാദി സെന്ററിലേക്ക് നൽകുന്ന ഇവ അവിടെ നിന്ന് വസ്ത്രങ്ങളാക്കി മാറ്റി വിൽപന നടത്തുന്നുണ്ട്. ഒരു മീറ്റർ ഖാദി തുണിക്ക് 56 രൂപയാണ് നിലവിൽ വിപണ വില. 40 വർഷം മുമ്പ് 1985ൽ ഒരു നൂല്‍നൂല്‍പ്പ് യൂനിറ്റ് മാത്രമായാണ് കേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയത്. 2025 മാര്‍ച്ച് 14നാണ് നെയ്ത്ത് യൂണിറ്റ് കൂടി ആരംഭിച്ചത്. നിലവിൽ ഒരു ഇൻസ്ട്രക്ടർ, അഞ്ച് നെയ്ത്ത് തൊഴിലാളികൾ, എട്ട് നൂല്‍നൂല്‍പ്പ് തൊഴിലാളികൾ എന്നിങ്ങനെ 14 പേര് ഇവിടെ ജോലി ചെയ്യുന്നുണ്ട്. രണ്ട് ഘട്ടങ്ങളായാണ് യൂനിറ്റിന്റെ വികസന പദ്ധതി ജില്ല പഞ്ചായത്ത് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഏഴ് തറികൾ അനുവദിക്കുകയും നെയ്ത്തുകാർക്ക് പരിശീലനം നൽകുകയും ചെയ്തു.
ജില്ലപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിൽ അഞ്ച് നൂല്‍നൂല്‍പ്പ് യന്ത്രങ്ങള്‍ നൽകി. രണ്ട് യന്ത്രങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നൽകും. രണ്ടാംഘട്ടത്തിൽ അഞ്ച് യന്ത്രങ്ങള്‍ നൽകാനാണ് ലക്ഷ്യമിടുന്നത്. 2023-24ൽ ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ് സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ല പഞ്ചായത്ത് ഖാദി നെയ്ത്ത് യൂനിറ്റ് സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചത്. നിലവിലെ നൂല്‍നൂല്‍പ്പ് യന്ത്രങ്ങളെ കൂടാതെ പുതിയ തറികളും കൂടി അനുവദിച്ച് 50 പേർക്ക് ജോലി ലഭിക്കുന്ന കേന്ദ്രമാക്കി സെന്ററിനെ മാറ്റാനുള്ള ശ്രമത്തിലാണ് ജില്ല പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

