മാങ്ങോട്ട് മല്ലൻ കച്ചമുറുക്കുന്നു കാമ്പസുകളിൽ അങ്കം കുറിക്കാൻ
text_fieldsഹരികൃഷ്ണന്‍ ഗുരുക്കള്‍
അമ്പലപ്പുഴ: മലൈക്കോട്ടൈ വാലിബനോട് കട്ടക്ക് അടിച്ചുനിന്ന മാങ്ങോട്ട് മല്ലൻ അടവും തടയും മുറയും പഠിപ്പിക്കാൻ കച്ചമുറുക്കി ഇനി കാമ്പസുകളിലേക്ക്. കണ്ണൂർ സർവകലാശാല കളരിപ്പയറ്റ് പാഠ്യ വിഷയമാക്കുന്നതിന്‍റെ ഭാഗമായ കോഴ്സിന്‍റെ എമിനന്‍റ് പ്രഫസറായി തെരഞ്ഞെടുത്തിരിക്കുകയാണ് പുന്നപ്ര സ്വദേശിയായ എസ്. ഹരികൃഷ്ണന്‍ (30) ഗുരുക്കളെ. പുന്നപ്ര ഏകവീര കളരിപ്പയറ്റ് അക്കാദമി സ്ഥാപകനും ഏകവീര ഇന്റർ നാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ പുന്നപ്ര രാജേശ്വരി ഭവനിൽ പരേതനായ ശശിധരന്റെയും രാജേശ്വരിയുടെയും ഇളയമകനാണ് ഹരികൃഷ്ണൻ. മലൈക്കോട്ടെ വാലിബനിൽ മാങ്ങോട്ട് മല്ലനായി നടിക്കാൻ ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുത്തത് കളരിയിൽ പയറ്റിത്തെളിഞ്ഞ ഹരികൃഷ്ണൻ ഗുരുക്കളെയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല കളരിപ്പയറ്റ് പാഠ്യവിഷയമാക്കുന്നത്. ഏഴ് പേരെയാണ് സർവകലാശാല എമിനന്റ് പ്രഫസർമാരായി നിയമിച്ചത്. അതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന പ്രത്യേകതയും ഹരികൃഷ്ണന്‍ ഗുരുക്കള്‍ക്കുണ്ട്.
കണ്ണൂർ സർവകലാശാലയും കേരള ഫോക്‌ലോർ അക്കാദമിയും സംയുക്തമായി ആരംഭിക്കുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കളരിപ്പയറ്റ് കോഴ്‌സിന്റെ സിലബസ്, ക്രെഡിറ്റ് സ്ട്രക്ചർ, മൂല്യനിർണയ മാനദണ്ഡങ്ങൾ, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവ രൂപീകരിക്കുന്ന കളരിപ്പയറ്റ് എക്സ്പേർട്ട് കമ്മിറ്റിയുടെ കൺവീനർ കൂടിയാണ് ഹരികൃഷ്ണൻ ഗുരുക്കൾ. കളരിപ്പയറ്റിനെ അക്കാദമിക് തലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുകയും സർവകലാശാലാ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സുപ്രധാന ചുമതലയാണ് കണ്ണൂർ സർവകലാശാല അദ്ദേഹത്തിന് നൽകിയത്. കേരളത്തിലെ പ്രമുഖ കളരിപ്പയറ്റ് ഗുരുക്കൻമാരും അക്കാദമിക് വിദഗ്ധരുമടങ്ങുന്ന എക്സ്പേർട്ട് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തേക്കുള്ള നിയമനം കളരിപ്പയറ്റ് രംഗത്തെ ഹരികൃഷ്ണന്‍ ഗുരുക്കളുടെ ദീർഘകാല സംഭാവനകൾക്കും നേട്ടങ്ങൾക്കും ലഭിച്ച അംഗീകാരം കൂടിയാണ്.
കഴിഞ്ഞ 21 വർഷമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന ഹരികൃഷ്ണൻ 11 വർഷത്തിലേറെയായി പരിശീലകനായും ഗുരുക്കളായും പ്രവർത്തിച്ചുവരുന്നു. ദേശീയതലത്തിൽ ഏഴ് മെഡലുകൾ കരസ്ഥമാക്കിയ ഹരികൃഷ്ണൻ ഗുരുക്കൾ രണ്ട് ദേശീയ റെക്കോർഡുകളും നേടിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡ് ഉൾപ്പെടെ രണ്ട് അന്തർദേശീയ ബഹുമതികളുടെ ഉടമയുമാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഗിന്നസ് റെക്കോർഡ്, അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ ഇവയിൽപെടും. 2004 ലെ കേരള സ്റ്റേറ്റ് അവാർഡിൽ കളരിപ്പയറ്റ് വിഭാഗത്തിലെ ‘യുവ പ്രതിഭ’ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. രാജ്യത്ത് 23 കേന്ദ്രങ്ങളിലും സിംഗപ്പൂരിലും യു.എ.ഇ യിലും ഹരികൃഷ്ണന്‍ ഗുരുക്കള്‍ക്ക് കളരി പരിശീലന കേന്ദ്രങ്ങളുണ്ട്. കണ്ണൂര്‍ സര്‍വകലാശാല നടപ്പിലാക്കുന്ന കളരിപ്പയറ്റ് കോഴ്സിന്‍റെ സെന്‍റര്‍ പുന്നപ്രയില്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഏകവീര കളരിപ്പയറ്റ് അക്കാദമി പ്രസിഡന്‍റ് കൂടിയായ ലക്ഷ്മിയാണ് ഭാര്യ. മകൻ രണ്ട് വയസ്സുകാരൻ ഭീഷ്മ ഏകവീര ചേകവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

