ഹൈഡ്രോതെര്‍മല്‍ ഗവേഷണത്തിന് പേറ്റന്റുമായി മലയാളികൾ
text_fieldsഇന്ദു ട്രീസ ജോച്ചന്, പ്രഫ. ഡോ. ഇ.ഐ. അനില
എടത്വ: ഗ്ലാസ് സബ് സ്ട്രേറ്റുകളില് സിങ്ക് ഗാലേറ്റ് തിന് ഫിലിംസ് നേരിട്ട് നിർമിക്കുന്നതിനുള്ള ഹൈഡ്രോതെര്‍മല്‍ രീതി കണ്ടെത്തിയ ഗവേഷണത്തിന് പേറ്റന്റ് ലഭിച്ചു.
എടത്വ സെന്റ് അലോഷ്യസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ബെംഗളുരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റി ഗവേഷകയുമായ ഇന്ദു ട്രീസ ജോച്ചനും ബെംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാല ഫിസിക്സ് പ്രഫസര്‍ ഡോ. ഇ.ഐ. അനിലക്കുമാണ് ഇന്ത്യന്‍ പേറ്റന്റ് നേടിയത്. കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഗ്ലാസിലേക്ക് സിങ്ക് ഗാലേറ്റ് തിന് ഫിലിംസ് ഉറപ്പിച്ചു നിര്‍ത്തുന്ന ഈ പരിസ്ഥിതി സൗഹൃദ നിർമാണ രീതി, ഒപ്റ്റോ-ഇലക്ട്രോണിക് ഉപകരണങ്ങള്‍, എല്‍.ഇ.ഡി ഡിസ്പ്ലേ, യു.വി സെന്‍സറുകള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയുടെ കാര്യക്ഷമത വർധിപ്പിക്കാന്‍ കഴിയും.
ഹൈഡ്രോതെര്‍മല്‍ രീതി ഉപയോഗിച്ച് ഗ്ലാസുകളില്‍ സിങ്ക് ഗാലേറ്റ് ആവരണം ചെയ്യുന്നത് പ്രകാശതീവ്രതയെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സങ്കീര്‍ണവും ഉയര്‍ന്ന ചെലവുള്ളതുമായ സാങ്കേതികവിദ്യകള്‍ക്ക് പകരം ലളിതമായ ഹൈഡ്രോതെര്‍മല്‍ സജ്ജീകരണങ്ങളിലൂടെ ഉയര്‍ന്ന സ്ഥിരതയുള്ള പാളികള്‍ കൃത്യതയോടെ വളര്‍ത്തിയെടുക്കാം എന്നതും ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷതയാണ്. ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും പുന്നപ്ര ഗ്രിഗോറിയോസ് കോളജിന്റെ പ്രിന്‍സിപ്പലുമായ എടത്വ കൊഴുപ്പകളത്തില് പ്രഫ. ഡോ. ജോച്ചന് ജോസഫിന്റെയും കിടങ്ങറ വെറ്ററിനറി ആശുപത്രി സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഈതല്‍ ദാസിന്റെയും മകളാണ് ഇന്ദു ട്രീസ ജോച്ചന്.
ബെംഗളൂരു ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിലെ ഏരിയ കണ്ട്രോളര് അലക്സ് അബ്രഹാമാണ് ഭര്‍ത്താവ്. എറണാകുളം ജില്ലയിലെ ഇടപ്പള്ളി സാകല്യം വീട്ടില്‍ ഡോ. എന്‍. സുരേഷിന്റെ ഭാര്യയായ പ്രഫ. ഡോ. ഇ.ഐ. അനിലയുടെ അഞ്ചാമത്തെ പേറ്റന്റാണിത്.

