മാധ്യമം-മലബാർ ഗോൾഡ് ‘ലീഡർഷിപ്’ കാമ്പയിൻ; അറിവും കൗതുകവും പകർന്ന് റോബോട്ടിക് എക്സ്പോ
text_fieldsമാധ്യമ’വും മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്സും യുനീക് വേൾഡ് റോബോട്ടിക്സിന്റെ സഹകരണത്തോടെ ആലപ്പുഴ സെന്റ് ജോസഫ്സ്
വനിത കോളജിൽ സംഘടിപ്പിച്ച റോബോട്ടിക് എക്സ്പോയിൽ
റോബോ ഡോഗിന് ഹസ്തദാനം നൽകുന്ന അധ്യാപിക
ആലപ്പുഴ: അവന്റെ നിൽപും ചാട്ടവും ഓട്ടവും ഒക്കെ കൗതുകവും ചിലർക്ക് അത്ഭുതവുമായിരുന്നു. മറ്റ് ചിലർ അവന്റെ വരവ് കണ്ട് ഭയന്ന് ഓടിമറഞ്ഞു. അതൊക്കെ ആദ്യമായിരുന്നു. പിന്നീട് അവൻ എല്ലാവരുടെയും അരുമയായി മാറി. ‘മാധ്യമ’വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് ആലപ്പുഴ സെന്റ് ജോസഫ്സ് വനിത കോളജിൽ യുനീക് വേൾഡ് റോബോട്ടിക്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലീഡർഷിപ് കാമ്പയിനിലെ റോബോട്ടിക് എക്സ്പോയിലാണ് കൗതുകവും അത്ഭുതവും നിറഞ്ഞത്. റോബോട്ടിക് എക്സ്പോയിൽ താരമായത് റോബോ ഡോഗായിരുന്നു. ആദ്യം ഭയന്നോടിയവരൊക്കെ പിന്നീട് റോബോ ഡോഗിന് ഹസ്തദാനം നടത്താൻ തിക്കിത്തിരക്കുന്നതാണ് കണ്ടത്.
സെന്റ് ജോസഫ്സ് വനിത കോളജിലെ ഫിസിക്സ് വിഭാഗമാണ് റോബോട്ടിക് എക്സ്പോക്കായി സൗകര്യം ഒരുക്കിയത്. യുനീക് വേൾഡ് റോബോട്ടിക്സിന്റെ ഹെഡ് ഓഫ് അക്കാദമിക് ഇന്നവേഷൻസ് റിസോഴ്സ്പേഴ്സൻ അഖില ആർ. ഗോമസാണ് എക്സ്പോക്ക് നേതൃത്വം നൽകിയത്. റോബോട്ടുകളുടെ പ്രവർത്തനം വിശദീകരിക്കാൻ യുനീക് വേൾഡ് ട്രെയിനിങ് നൽകി കോളജ് ഫിസിക്സ് വിഭാഗത്തിലെ കുട്ടികളെ തയാറാക്കിയിരുന്നു. നമുക്ക് ഒരു പേഴ്സണൽ അസിസ്റ്റന്റായി ചാറ്റ് ജി.പി.ടിയും എ.ഐയും മാറിയിരിക്കുകയാണെന്ന് അഖില ആർ. ഗോമസ് പറഞ്ഞു. മുഖം നോക്കി ആളുകളെ തിരിച്ചറിഞ്ഞും വസ്തുക്കളുടെ സാമീപ്യം മനസ്സിലാക്കി മനുഷ്യനാണോ മറ്റെന്തെങ്കിലും വസ്തുവാണോ എന്ന് തിരിച്ചറിയാൻ റോബോ ഡോഗിന് കഴിയുമെന്ന് അഖില കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
യുനീക് വേൾഡ് റോബോട്ടിക്സിന്റെ ഹെഡ് ഓഫ് അക്കാദമിക് ഇന്നവേഷൻസ് റിസോഴ്സ്പേഴ്സൻ അഖില ആർ. ഗോമസ് റോബോട്ടുകളുടെ പ്രവർത്തനം വിശദീകരിച്ചു നൽകുന്നു
കൊച്ചുകുട്ടികൾക്ക് റോബോട്ടിനെ ചലിപ്പിക്കാൻ ശ്രമിക്കുന്ന മെറ്റാറ്റ ബോട്ട്, തൊട്ടടുത്ത തലമുറയിലുള്ള, വസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകൾ നൽകുന്ന ബ്ലോക്ക് കോഡിങ്, ബ്ലോക്ക് കോഡിങ് അധിഷ്ഠിതമായ മൂക്കുകൊണ്ട് കളിക്കുന്ന ഫ്രൂട് നിഞ്ച ഗെയിം, യാൻഷീ ഹ്യൂമനോയ്ഡ് റോബോട്ട്, 3ഡി പ്രിന്റിങ് എന്നിവയാണ് എക്സ്പോയിൽ അവതരിപ്പിച്ചത്. ആദ്യമായാണ് റോബോട്ടുകളെ അടുത്തുകാണാനും അവയുടെ പ്രവർത്തന രീതി അറിയാനും കഴിഞ്ഞതെന്ന് കുട്ടികൾ പറഞ്ഞു. 3ഡി പ്രിന്റിങ് ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കാൻ പ്രദർശനം സഹായിച്ചുവെന്ന് കെമിസ്ട്രി അധ്യാപിക ഡോ. രമ്യ പറഞ്ഞു.
രണ്ടാംവർഷ ബി.എസ്.സി ഫിസിക്സ് വിഭാഗം വിദ്യാർഥികളായ അലീന ജോൺസി, എസ്. അർച്ചന, ടി.എൻ. സ്വാലിഹ, സാനിയ മരിയ, ഷിഫാന ഷിഹാബ് എന്നിവരാണ് അഖിലക്കൊപ്പം റോബോട്ടുകളുടെ പ്രവർത്തനം വിശദീകരിച്ചത്. യുനീക് വേൾഡ് റോബോട്ടിക്സ് ഓപറേഷൻ ഹെഡ് അനു കാർത്തിക്, സീനിയർ റോബോട്ടിക് ട്രെയിനർ ജിതിൻ അനുജോസ്, സീനിയർ എ.ഐ ട്രെയിനർ പ്രവീണ, പ്രോജക്ട് മാനേജർ ആനന്ദ് എന്നിവരും റോബോട്ടുകളുടെ പ്രവർത്തനം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

