പ്രതീക്ഷയുെട പുതുവർഷം
text_fields2023 കടന്നുപോകുമ്പോൾ ജില്ലക്ക് ഓർമിക്കാൻ നിരവധി കാര്യങ്ങൾ. സജി ചെറിയാൻ വീണ്ടും മന്ത്രിയായതുമുതൽ കുട്ടനാട്ടിലെ കർഷകരുടെ കണ്ണീർവരെ നിരവധി സംഭവങ്ങളാണ് പോയ വർഷം ബാക്കിവെക്കുന്നത്. ഒരു തിരിഞ്ഞുനോട്ടം....
രാജ്യത്തെ നീളം കൂടിയ ഉയരപ്പാത നിർമാണം തുടങ്ങി
രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാത നിർമാണം തുടങ്ങിയതാണ് 2023ൽ ജില്ലയിലെ പ്രധാന സംഭവം. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ദേശീയപാത ആറുവരിപ്പാതയായി മാറുമ്പോൾ,ആലപ്പുഴക്ക് സ്വന്തമാകുന്നത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ മേൽപ്പാലം എന്ന പെരുമയാണ്.
നിലവിലെ നാലുവരിപ്പാതക്ക് മുകളിലായി അരൂർ മുതൽ തുറവൂർ വരെ പുതിയതായി പണിയുന്ന ഉയരപ്പാതയുടെ നീളം12.75 കിലോമീറ്ററായിരിക്കും. ഇപ്പോൾ രാജ്യത്തെ ഏറ്റവും നീളമേറിയ മേൽപ്പാലം 11. 6 കിലോമീറ്റർ നീളമുള്ള ഹൈദരാബാദിലെ പി.വി.എൻ. ആർ എക്സ്പ്രസ് വേയാണ്. രണ്ടരവർഷത്തിനുള്ളിൽ പണിപൂർത്തീകരിക്കുമെന്നാണ് നിർമാണ കമ്പനി അറിയിച്ചിരിക്കുന്നത്. നഗരത്തെ രണ്ടായി മുറിക്കുന്ന ദേശീയപാത വികസനം സൃഷ്ടിക്കുന്ന ആകുലതകളാണ് പോയ വർഷം കായംകുളം ഏറെ ചർച്ച ചെയ്തത്. പ്രദേശത്തിന്റെ പാരിസ്ഥിതിക ഘടന പരിഗണിച്ച് തൂണുകളിലെ ഉയരപ്പാത എന്ന ആവശ്യം അംഗീകരിക്കാത്തതാണ് പ്രശ്നം. ജില്ലയിലെ മറ്റ് അഞ്ച് നിയോജക മണ്ഡലങ്ങളിലും പ്രാദേശിക സാധ്യതകൾ പരിഗണിച്ച് ഉയരപ്പാതകൾ അനുവദിച്ചപ്പോഴാണ് കായംകുളത്തെ മാത്രം അവഗണിച്ചത്. കൊറ്റുകുളങ്ങര മുതൽ ചിറക്കടവം വരെ ഏഴ് മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ കോട്ട കെട്ടി തിരിക്കുന്നതോടെ നഗരം പടിഞ്ഞാറും കിഴക്കുമായി വിഭജിക്കപ്പെടും.
മെഡിക്കല്‍ കോളജിൽ സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗം
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗവും കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രവും ജില്ലക്ക് 2023ൽ ലഭിച്ച നേട്ടങ്ങളാണ്. വിവിധ വിഭാഗങ്ങള്‍ക്കായി 200 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ, എട്ട് ഓപ്പറേഷൻ തീയറ്ററുകളുമാണ് സൂപ്പര്‍ സ്പെഷ്യാലിറ്റിയിലുള്ളത്. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ന്യൂറോസര്‍ജറി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഗ്യാസ്ട്രോ എന്‍ട്രോളജി എന്നിവയാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ളത്.
സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായി 200 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. 12 മെഡിക്കല്‍ ഐ.സി.യു, എട്ട് സര്‍ജിക്കല്‍ ഐ.സി.യു, എന്നിവയുൾപ്പെടെ 50 ഐ.സി.യു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
പരിസ്ഥിതിയിൽ ഒരു ചുവട് കൂടി മുന്നോട്ട്
പരിസ്ഥിതി സംരക്ഷണത്തിൽ ജില്ല ഒരുചുവടു കൂടി മുന്നോട്ട് വെച്ച വർഷമാണ് 2023. പ്ലാസ്റ്റിക് ശേഖരണം ഹരിത കർമ സേനയിലൂടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പായി. കായൽ കൈയേറ്റത്തിനെതിരായ നിയമ നടപടികളും കർശനമായ വർഷമാണ് കഴിഞ്ഞുപോയത്. കാപ്പിക്കൊ റിസോർട്ട് അടക്കം അനധികൃത നിർമാണവും അതു പൊളിച്ചുമാറ്റലും നടന്നു. മാലിന്യം പൊതുനിരത്തുകളിൽ നിക്ഷേപിക്കുന്നവരെ പിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾ പലയിടത്തും കാമറവെച്ചതും അതിലൂടെ മാലിന്യം വലിച്ചെറിയുന്നതിൽ കുറച്ചെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധിച്ചതും ഈ വർഷത്തിലായിരുന്നു.
സ്വപ്ന സാഫല്യമായി എ.സി റോഡ്
നവീകരിച്ച എ.സി റോഡ് ഗതാഗതത്തിന് തുറന്നത് 2023ലെ ജില്ലയുടെ പ്രധാന നേട്ടമായി. പണ്ടാരക്കുളം, പള്ളാത്തുരുത്തി പാലങ്ങളുടെ ഭാഗത്ത് മാത്രമാണ് യാത്രാ തടസമുള്ളത്. പണ്ടാരക്കുളം പാലത്തിലെ പ്രശ്നം രണ്ട് മാസത്തിനകം പരിഹരിക്കും. പള്ളാത്തുരുത്തി പാലം നിർമാണം പൂർത്തിയാകാൻ ഇനിയും ഒരുവർഷത്തോളം സമയമെടുക്കും. 2020 ഒക്ടോബർ 12നാണ് എസി റോഡ് ഉയരപ്പാതയാക്കാനുള്ള നിർമാണം തുടങ്ങിയത്. 649.76 കോടി രൂപയായിരുന്നു പദ്ധതിത്തുക.
ജില്ലയുടെ ആധി
രാസലഹരി വസ്തുക്കളുടെ വ്യാപാരം ജില്ലയിലും പിടിമുറുക്കുന്നത് ഉള്ളിലെ ആധിയായി പടരുന്നു.ജില്ലയിൽ പല സമയത്തായി പിടിക്കപ്പെട്ട മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അളവ് ആശങ്ക ഉണ്ടാക്കുന്നതാണ്. വിവിധ അന്വേഷണ ഉദ്യോഗസ്ഥരും എക്സൈസ് അധികൃതരും ജില്ലയുടെ വ്യത്യസ്ത മേഖലകളിൽനിന്ന് ഞെട്ടിക്കുന്ന അളവിലാണ് മയക്കുമരുന്ന് വേട്ടയും കഞ്ചാവ് വേട്ടയും എല്ലാംനടത്തിയത്.
നിയമം ലംഘിച്ചുള്ള ഡ്രൈവിംഗും മറ്റ് അനധികൃത വാഹന ഉപയോഗവും പിടിക്കാൻ ജില്ലയിൽ 42 സ്ഥലങ്ങളിലാണ് എഐ കാമറ വെച്ചത്.
നടുക്കമായി അപകടം
2023ൽ ജില്ല ആദ്യമായി ഞെട്ടിത്തരിച്ചത് ജനുവരി 23ന് ദേശീയപാതയിൽ അഞ്ച് യുവാക്കളുടെ ജീവൻ പൊലിഞ്ഞ അപകടം കണ്ടാണ്. പുലര്‍ച്ചെ കാക്കാഴത്ത് തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരിയിലേക്ക് പോയ കാര്‍ നിയന്ത്രണം തെറ്റി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
തിരുവനന്തപുരം ഐ.എസ്.ആർ ഒ ക്യാന്റീനിലെ താൽക്കാലിക ജീവനക്കാരായ തിരുവനന്തപുരം ആലത്തൂർ ആനാവൂർ തെക്കേക്കര ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), തിരുവനന്തപുരം ആലത്തൂർ ആനാവൂർ മറ്റക്കുന്നിൽ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), മുട്ടട അഞ്ജനത്തിൽ ചാക്കോയുടെ മകൻ സുമോദ് (42), കൊല്ലം തേവലക്കര അരുൺ നിവാസിൽ അമൽ (28), എറണാകുളം സ്വകാര്യ അപ്പാർട്ട് മെന്റിലെ ജീവനക്കാരനായ തിരുവനന്തപുരം ആലത്തൂർ കാപ്പുകാട്ടിൽ കുളത്തിങ്കര വീട്ടിൽ മോഹനൻ - അനിത ദമ്പതികളുടെ മകൻ മനു (24)എന്നിവരാണ് മരിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍പ്പോയ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണ് മരിച്ചതാണ് നാടിന് തേങ്ങലായ മറ്റൊരു സംഭവം. പുന്നപ്ര വടക്ക് പഞ്ചായത്ത് 14 ാം വാര്‍ഡ് തൈവെളിയില്വീട്ടില് വാടകക്ക് താമസിക്കുന്ന അനിലിന്റെ മക്കളായ അദ്വൈത്(13), അനന്ദു(12) എന്നിവരെയാണ് പറവൂര്‍ കുറുവപ്പാടത്തെ വെള്ളക്കെട്ടില്‍ മാര്‍ച്ച് 26 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചർച്ചയായി മാതൃകാവിവാഹം
വിവാദങ്ങൾക്കിടയിൽ സമാനതകളില്ലാത്ത മാനവ സൗഹാർദത്തിന് പുത്തൻ മാതൃകയൊരുക്കിയ ചേരാവള്ളി ജുമാ മസ്ജിദ് മുറ്റത്തെ വിവാഹ ചടങ്ങ് വീണ്ടും ചർച്ചകളിൽ നിറഞ്ഞതും പോയ വർഷം ഓണാട്ടുകരയുടെ അഭിമാനം ഉയർത്തുന്നതായി.
2020 ജനുവരിയിൽ മസ്ജിദ് മുറ്റത്ത് ഒരുക്കിയ കതിർമണ്ഡപത്തിൽ ഹിന്ദു സമുദായക്കാരിയായ അഞ്ജുവിൻറ കഴുത്തിൽ ശരത്ത് മിന്ന് ചാർത്തിയത് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സൗഹാർദ്ദത്തിന്റെ മാതൃക വീണ്ടും ചർച്ചയായത്. ‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ മാസങ്ങൾക്ക് മുമ്പാണ് കേരളത്തിന്റെ മതസൗഹാർദ്ദ വീഡിയോ അദ്ദേഹം പങ്കുവെച്ചത്. ഹിന്ദു കുടുംബത്തിന്റെ വിവാഹ നടത്തിപ്പ് ചേരാവള്ളി മുസ് ലിം ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്തതാണ് ചർച്ചക്ക് കാരണമായത്.
കർഷകന്റെ കണ്ണീർ ഒഴിയുന്നില്ല
കൃഷിയാണ് ജില്ലയുടെ സാമ്പത്തിക വ്യവസ്ഥയുടെ നെടും തൂണ്. ജില്ലക്കാരനാണ് കൃഷി മന്ത്രി. ജില്ലയിലെ നെൽകർഷകരുടെ കണ്ണീരൊപ്പാൻപോലും വകുപ്പിന്ന് കഴിഞ്ഞില്ല.
കൃഷി ചെയ്ത് നാടിനെ അന്നമൂട്ടിയ രണ്ട്കർഷകർ കടംകയറി ജീവിക്കാൻ നിവൃത്തിയില്ലാതെ ജീവൻവെടിഞ്ഞതിന് ജില്ലക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു.
വണ്ടാനം കിഴക്ക് നീലികാട് ചിറയിൽ കെ.ആർ. രാജപ്പൻ(88), തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ പ്രസാദ്(56) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സെപ്തംബര്‍ 17 ന് പുലര്‍ച്ചെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ട രാജപ്പനെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു. രാജപ്പന്റെയും ഭാര്യയുടെയും മകന്റെയും ചികിത്സക്കായി ലക്ഷങ്ങൾ ചെലവിടേണ്ടിവന്നു. ഇതിനിടെ നെല്ല് കൊടുത്ത ഇനത്തിലും ബാക്കിതുക ലഭിക്കാനുണ്ടായിരുന്നു. ബാങ്കുകൾ സിബില്സ്കോറിന്റെ പേരില്‍ കാര്‍ഷിക വായ്പ നിഷേധിച്ചതാണ് പ്രസാദിനെ ആത്മഹത്യയിലേക്ക് നയിച്ചത്. തന്റെ മരണത്തിന് കേരള സർക്കാരും എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, വിജയ ബാങ്ക് എന്നിവരാണെന്നും കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
സജി ചെറിയാന് വീണ്ടും മന്ത്രി
മന്ത്രി പദവിയിലേക്കുള്ള സജിചെറിയാന്റെ മടങ്ങിവരവോടെ ജില്ലക്ക് വീണ്ടും രണ്ട് മന്ത്രിമാരെ കിട്ടി. ഭരണഘടനയെ അവഹേളിക്കും വിധം പ്രസംഗിച്ചുവെന്ന ആരോപണത്തിന് വിധേയനായതോടെയാണ് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന് മന്ത്രി പദവി ഒഴിയേണ്ടിവന്നത്. 2023 ജനവരി ആദ്യമാണ് വീണ്ടും മന്ത്രിയായത്. ജില്ലയിൽ പാർട്ടിക്ക് മന്ത്രിയില്ലാതായത് സി.പി.എമ്മിനും ക്ഷീണമായിരുന്നു. സജി ചെറിയാൻ തിരികെ വന്നതോടെ പാർട്ടിയിലും അദ്ദേഹം ശക്തനായി മാറി.
വിവാദമായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ്
വ്യാജ ബിരുദ സർട്ടിഫിറ്റിലൂടെ എസ്.എഫ്.ഐ നേതാവ് എം.എസ്.എം കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശനം നേടിയത് 2023 ൽ വിവാദത്തിന് കാരണമായി. കേരള സർവകലാശാലയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന നടപടിയായി വിലയിരുത്തപ്പെട്ട സംഭവത്തിന്റെ കനലുകൾ ഇപ്പോഴും കത്തുകയാണ്.
ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായി പ്രവർത്തിച്ച നിഖിൽ തോമസാണ് തട്ടിപ്പ് നടത്തിയത്. .
സിറ്റി ഗ്യാസ് പദ്ധതി
ചേർത്തലയിൽ വീടുകൾ തോറും പൈപ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി)എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആലപ്പുഴ നഗരത്തിലേക്കും എത്തി.
നേരത്തെ ജില്ലയുടെ വടക്കൻ ഭാഗങ്ങളിലാണു സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. അടുത്ത വർഷം ഏപ്രിലോടെ അമ്പലപ്പുഴ ഭാഗത്തേക്ക് എത്തിക്കാനാണ് നിർവഹണ ചുമതലയുള്ള എജി ആൻഡ് പി പ്രഥം ലിമിറ്റഡിന്റെ പദ്ധതി.
വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമായി ജില്ലയിൽ പതിനായിരത്തിലധികം വീടുകളിലേക്ക് പൈപ്പ് ലൈൻ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

