ലോക്സഭ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി ചർച്ചകൾ സജീവം
text_fieldsആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ ജില്ലയിലെ രണ്ട് മണ്ഡലത്തിലും സ്ഥാനാർഥികൾ ആരാകുമെന്ന ചർച്ച സജീവം. പാർട്ടികളുടെ തീരുമാനത്തിനായി കാതോർക്കുകയാണ് വോട്ടർമാർ. മാവേലിക്കരയിലും ആലപ്പുഴയിലും സിറ്റിങ് എം.പിമാർ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മാവേലിക്കരയിൽ യു.ഡി.എഫിന് നിലവിലെ എം.പി കൊടിക്കുന്നിലും ആലപ്പുഴയിൽ എൽ.ഡി.എഫിന് എ.എം. ആരിഫ് എം.പിയുമായിരിക്കും സ്ഥാനാർഥികളെന്നാണ് ലഭിക്കുന്ന വിവരം. മാവേലിക്കരയിൽ എൽ.ഡി.എഫിലെ സി.പി.ഐക്ക് തന്നെയായിരിക്കും ഇത്തവണയും സീറ്റെന്നാണ് ഇടതു കേന്ദ്രങ്ങൾ പറയുന്നത്.
സി.പി.എമ്മിന് വിട്ടുകൊടുത്ത് മറ്റൊരു സീറ്റ് വാങ്ങണമെന്ന അഭിപ്രായം സി.പി.ഐയിൽ ഒരുവിഭാഗത്തിനുണ്ട്. വെച്ചുമാറ്റം വേണ്ടെന്ന വാദത്തിനാണ് സി.പി.ഐയിൽ മുൻ തൂക്കം. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറാണ് കഴിഞ്ഞതവണ കൊടിക്കുന്നിലിനെ നേരിട്ടത്. എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസിലെ തഴവ സഹദേവൻ ആയിരുന്നു. എൻ.ഡി.എയിൽ സീറ്റ് ബി.ജെ.പി ഏറ്റെടുക്കണമെന്ന അഭിപ്രായം ശക്തമാണ്. എൽ.ഡി.എഫിൽ സി.പി.ഐക്കാണ് സീറ്റ് എങ്കിൽ ചിറ്റയം ഗോപകുമാർ വീണ്ടും മത്സരിക്കണമെന്നും പുതുമുഖങ്ങൾക്ക് സീറ്റ് നൽകണമെന്നുമുള്ള രണ്ട് അഭിപ്രായം ഉയരുന്നുണ്ട്.
ആലപ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫിൽനിന്ന് സി.പി.എമ്മിന് തന്നെയാണ് സീറ്റ്. എ.എം. ആരിഫ് മത്സരിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിൽ ലഭിക്കുന്ന വിവരം. അതനുസരിച്ച് മണ്ഡലത്തിലെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാൻ ആരിഫിനോട് പാർട്ടി സ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. പാർട്ടി ഘടകങ്ങളെല്ലാം ആരിഫാണ് സ്ഥാനാർഥിയെന്ന നിലയിലാണ് പ്രവർത്തനം നടത്തിവരുന്നത്.
മുൻ മന്ത്രി ടി.എം. തോമസ് ഐസക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഐസക് പത്തനംതിട്ടയിൽ മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ആരാവും വരുകയെന്ന ചർച്ച സജീവമാണ്. അര ഡസനിലേറെ പേരുകളാണ് പലകോണുകളിൽനിന്ന് ഉയരുന്നത്. പുതുമുഖത്തെയാവും ആലപ്പുഴയിൽ മത്സരിപ്പിക്കുകയെന്നാണ് എ.ഐ.സി.സി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, മുസ്ലിം ലീഗിന്റെ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ആലപ്പുഴ ലക്ഷ്യമിട്ടാണെന്ന് ഒരുവിഭാഗം പറയുന്നു. എൻ.ഡി.എയുടെ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

