തദ്ദേശ തെരഞ്ഞെടുപ്പ്; ശുദ്ധമാകുമോ വോട്ടർപട്ടിക? ആശങ്ക ഒഴിയുന്നില്ല
text_fieldsആലപ്പുഴ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലെ പരാതികൾ പരിഹരിക്കപ്പെടുമോ എന്ന ആശങ്കയിൽ വോട്ടർമാരും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും. വ്യാപക പരാതികൾക്കിടയാക്കിയ പട്ടികയിൽ രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും നൽകിയ പരാതികളിൽ തെളിവെടുപ്പ് നടത്തിവരുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. തെളിവെടുപ്പ് പക്ഷപാതപരമാണെന്ന പരാതിയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ കരട് വോട്ടർ പട്ടിക പാടെ ‘അബന്ധ പഞ്ചാംഗ’മാണെന്ന് സി.പി.എം, സി.പി.ഐ പ്രവർത്തകരും പറയുന്നു. പുതുതായി വോട്ടർമാരെ ചേർക്കൽ, വാർഡ് - ബൂത്ത് എന്നിവ മാറി രേഖപ്പെടുത്തിയ വോട്ടർമാരുടെ പേരുകളെക്കുറിച്ച പരാതി പരിഗണിച്ച് തിരുത്തൽ വരുത്തൽ, മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകൾ ഒഴിവാക്കൽ എന്നിവക്കായാണ് തെളിവെടുപ്പ് നടക്കുന്നത് തെളിവെടുപ്പിനെത്തുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ പരാതികൾ പരിഗണിക്കുന്നില്ലെന്നും സി.പി.എം, സി.പി.ഐ പ്രവർത്തകർ നൽകിയ അപേക്ഷകളാണ് ഉദ്യോഗസ്ഥർ കൃത്യമായി പരിഗണിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർ പട്ടികയിലെ അപാകത പരിഹരിക്കാനുള്ള തെളിവെടുപ്പ് പ്രഹസനമാകുകയാണെന്നും അവർ ആരോപിക്കുന്നു. ദേശീയ തെരഞ്ഞെടുപ്പ് കമീഷന്റെ പട്ടികയെച്ചൊല്ലി വിവാദങ്ങൾ നടക്കുന്നതിനിടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ പട്ടികയിലും വിവാദമുണ്ടായത്. ഓരോ രാഷ്ട്രീയ പാർട്ടികളും അവർക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള വോട്ടുകളിലാണ് തെറ്റുതിരുത്താൻ അപേക്ഷ നൽകിയിട്ടുള്ളത്. വ്യക്തമായ രാഷ്ട്രീയ കൂറില്ലാത്തവരെ പാർട്ടികൾ കൈയൊഴിയുകയാണ്.
അവരിൽ കരട് പട്ടിക പരിശോധിച്ച് തെറ്റുതിരുത്താൻ അപേക്ഷ നൽകിയവർ നാമമാത്രമാണ്. അതിനാൽ ഇപ്പോൾ നടക്കുന്ന തെളിവെടുപ്പ് പൂർത്തിയായി പുതിയ പട്ടിക പുറത്തിറക്കിയാലും അതും ശുദ്ധമാകുമെന്ന് കരുതാനാവില്ല. വാർഡ് പുനഃസംഘടന വന്നതോടെയാണ് വോട്ടർമാരുടെ ബൂത്തും വാർഡുമെല്ലാം മാറിമറിഞ്ഞത്. വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചതനുസരിച്ചല്ല വോട്ടർ പട്ടിക തയാറാക്കൽ നടന്നത്. അതാണ് ആക്ഷേപത്തിന് വഴിവെച്ചത്.
13 ദിവസം മാത്രമാണ് ആക്ഷേപം സമർപ്പിക്കാൻ അനുവദിച്ചത്. അതിനകം പട്ടിക പഠിച്ച് തിരുത്തലിനുള്ള അപേക്ഷ തയാറാക്കാൻ സമയം ലഭിച്ചില്ലെന്നാണ് പാർട്ടിക്കാരുടെ പരാതി. വീണ്ടും സമയം അനുവദിക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നു. ആലപ്പുഴ നഗരസഭ കേന്ദ്രീകരിച്ച് സി.പി.എം കൗൺസിലർമാർ വിവിധ വാർഡുകളിലെ കള്ളവോട്ട് രേഖപ്പെടുത്തിക്കിട്ടാൻ പ്രവർത്തിക്കുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ കുറ്റപ്പെടുത്തി. വോട്ട് ചേർക്കാൻ അപേക്ഷ നൽകി ഹിയറിങ്ങിന് ഹാജരാകുന്നവരെ രണ്ടുതരത്തിൽ കണ്ടു യഥാർഥ വോട്ടർമാരെ തിരിച്ചയക്കുന്നുവെന്നും ഏകപക്ഷീയമായി സി.പി.എം കൗൺസിലർമാരുടെ ഒത്താശയോടെ യാതൊരു രേഖയും ഹാജരാക്കാതെ വരുന്നവരുടെ പേരുകൾ ഉൾപ്പെടുത്തുന്നുവെന്നും ഷുക്കൂർ ആരോപിച്ചു.
ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടും ഇപ്പോഴും തുടരുകയാണെന്നും കമീഷൻ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിലെ അറിയപ്പെടുന്ന സി.പി.എം പ്രവർത്തകനായ വക്കീലിന്റെ വീട്ടിൽ അന്യമതക്കാരായ 13 പേരുടെ വോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് ഷുക്കൂർ ചൂണ്ടിക്കാട്ടി. ഇങ്ങനെ നിരവധി വീടുകളുടെ നമ്പറിൽ അവിടത്തെ താമസക്കാരല്ലാത്തവരുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും ഷുക്കൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

