ഹിറ്റായി തെക്കേക്കരയിലെ ‘ലൈവ് മത്സ്യമാർക്കറ്റ് ’
text_fieldsതെക്കേക്കരയിലെ മത്സ്യ മാർക്കറ്റ്
ആലപ്പുഴ: തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സീഗള്‍സ് ഫ്രഷ് ഹട്ട് എന്ന ലൈവ് മത്സ്യ മാര്‍ക്കറ്റിങ് ഔട്ട്ലറ്റിന് ഒരു പ്രത്യേകതയുണ്ട്. സ്വന്തമായി ഫോര്‍മാലിന്‍ പരിശോധന നടത്തി വിഷരഹിതമെന്ന് ഉറപ്പുവരുത്തിയശേഷം മത്സ്യങ്ങള്‍ നേരിട്ടുവാങ്ങാം. തെക്കേക്കരയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി’ പദ്ധതിയുടെ ഭാഗമായാണ് തത്സമയ പരിശോധന ഉള്‍പ്പെടെ ഔട്ട്ലറ്റ് ആരംഭിച്ചത്. ജില്ലയിലെ ആദ്യ ലൈവ് മത്സ്യമാര്ക്കറ്റാണിത്.
ഫിഷറീസ് വകുപ്പിന്റെ 60 ശതമാനം സബ്സിഡിയോടെയാണ് ഔട്ട്ലറ്റ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് ന്യായവില നല്‍കിയാണ് ഇവര്‍ മത്സ്യം വിപണിയിലെത്തിക്കുന്നത്. മറ്റു മാര്‍ക്കറ്റുകളെ അപേക്ഷിച്ച് വിലയും കുറവാണ്. വിഷരഹിത കടല്‍ മത്സ്യങ്ങളും ഇവിടെ ലഭിക്കും. ട്രോളിങ് നിരോധന കാലയളവില്‍ വള്ളങ്ങളില്‍നിന്ന് മാത്രം മത്സ്യങ്ങള്‍ എടുത്ത് വിൽപന നടത്തിയ സ്ഥാപനം കൂടിയാണിത്. കേരള ഫിഷറീസ് വകുപ്പിന്റെ ഭക്ഷ്യസുരക്ഷക്കുള്ള മാതൃക സ്ഥാപനമെന്ന പദവിയും വിഷരഹിത മത്സ്യവിതരണ സ്ഥാപനത്തിനുള്ള കേന്ദ്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കുളങ്ങള്‍, ആറുകളിലെ കേജുകള്‍, പടുതക്കുളം, ബയോഫ്ലോക് ഇങ്ങനെ വിവിധ രീതികളില്‍ മത്സ്യകൃഷി നടത്തുന്നവരുടെ ഉൽപന്നങ്ങളാണ് കൂടുതലും എത്തുന്നത്. ഉള്‍നാടന്‍ മത്സ്യക്കര്‍ഷകരില്‍നിന്ന് ഹോള്‍സെയില്‍ വിലയില്‍ വാങ്ങാനുള്ള അവസരം കൂടിയാണ് മാര്‍ക്കറ്റ് ഒരുക്കുന്നത്. മീനുകള്‍ ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങള്‍ രുചിച്ചുനോക്കാനും വാങ്ങാനുമായി പ്രത്യേക കൗണ്ടറുമുണ്ട്. വൃത്തിയാക്കിയ മീന്‍ പാളയില്‍ പാക്ക് ചെയ്താണ് നല്‍കുന്നത്. മത്സ്യം വാങ്ങാന്‍ ജില്ലക്ക് പുറത്ത് നിന്നെത്തുന്നവരും ഏറെയാണ്. ‘നന്മയുടെ രുചി നാടിനൊപ്പം’ എന്ന വാചകത്തോടെ ലൈവ് മത്സ്യമാർക്കറ്റ് ജനഹൃദയങ്ങളില്‍ ഇതിനോടകം സ്ഥാനംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

