ദ്രവമാലിന്യ നീക്കം; കലക്ടറുടെ വാഗ്ദാനം നടപ്പായില്ല
text_fieldsആലപ്പുഴ: ശുചിമുറി മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ജില്ലയിലെ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ സംസ്കരണ ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന കലക്ടറുടെ വാഗ്ദാനം നടപ്പായില്ല. ഇതുമൂലം ദ്രവീകൃത മാലിന്യങ്ങളുടെ നീക്കം പുനരാരംഭിക്കാനുമായില്ല. ജില്ലയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി) പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ബുധനാഴ്ച ചർച്ച നടത്തിയ ശേഷമാണ് പ്ലാന്റുകളുടെ സംസ്കരണ ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞത്.
രണ്ടുദിവസം പിന്നിട്ടിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. പ്ലാന്റുകൾ തുറന്ന് നൽകുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ടാങ്കർ ഉടമകൾ പറയുന്നു. അതിനാൽ സമരം തുടരുകയാണ്. എന്‍.ടി.പി.സി, ആലപ്പുഴ ജനറല്‍ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ്, പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക് എന്നീ സ്ഥാപനങ്ങളിലാണ് നിലവില്‍ ട്രീറ്റമെന്റ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മലിനജല സംസ്കരണവുമായി ബന്ധപ്പെട്ട് നില്ക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ ചേര്‍ത്തലയിലെ ഫീക്കല്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു. പ്ലാന്റ് നിര്‍മാണം നിലവില്‍ 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മാണ പുരോഗതി സംബന്ധിച്ചുള്ള സമയക്രമം രണ്ട് ദിവസത്തിനുള്ളില്‍ നഗരസഭക്കും കലക്ടര്‍ക്കും നല്കാന് നിര്‍ദേശിച്ചു. പ്ലാന്റിലേക്കാവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
130 ലോറി ഉടമകളും മുന്നൂറോളം തൊഴിലാളികളുമാണു സമരം ചെയ്യുന്നത്. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാണ്. ടാങ്കുകൾ പൊട്ടി ശുചിമുറി മാലിന്യം പുറത്തേക്കൊഴുകിയതോടെ പല ഹോട്ടലുകളും അടച്ചു. മഴക്കാലമായതോടെ പല വീടുകളിലും ശുചിമുറി മാലിന്യക്കുഴികൾ നിറഞ്ഞ നിലയിലാണ്. ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽനിന്നുള്ള മലിനജല നീക്കവും നിലച്ചു. ജില്ല ഭരണകൂടത്തിന്റെ നിർദേശം മാനിച്ച് ആശുപത്രിയിലെ മാലിന്യം ടാങ്കർ ഉടമകൾ നീക്കംചെയ്തിരുന്നു. പ്ലാന്റുകൾ തുറന്ന് നൽകാത്തതിനാൽ ടാങ്കറുകൾ മാലിന്യം ശേഖരിച്ച് പൊതു ഇടങ്ങളിൽ തള്ളുകയാണ്. സ്വീവേജ് മാലിന്യം സംസ്കരിക്കാൻ ജില്ലയിൽ പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണ് പ്ലാന്റുകളുള്ളത്. വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്ന് മാലിന്യം സംഭരിക്കുന്നത് സ്വകാര്യ ടാങ്കറുകളുമാണ്. ഇവർക്ക് സ്വന്തം നിലയിൽ സംസ്കരിക്കാൻ സംവിധാനമില്ല. ആശുപത്രികളും ഹോട്ടലുകളും പ്രതിസന്ധിയിലായിട്ടും പരിഹാരം നീളുകയാണ്.
പ്രതിദിനം 16 ലോഡ് ദ്രവമാലിന്യം സംസ്കരിക്കാൻ ധാരണ
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുള്ള സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചയിൽ പ്രതിദിനം പുറത്തുനിന്നും എത്തിക്കുന്ന 16 ലോഡ് ദ്രവമാലിന്യം സംസ്കരിക്കാൻ സൗകര്യമൊരുക്കാൻ ധാരണയായിരുന്നു. ഏത് പ്ലാന്റിൽ എത്രത്തോളം ലോഡ് എത്തിക്കാമെന്നും മറ്റുമുള്ള നടപടിക്രമങ്ങളും ടാങ്കർ ഉടമകളെ അറിയിച്ചിട്ടില്ല. മാലിന്യം അതത് പ്ലാന്റുകളില്‍ മാത്രമാണ് എത്തിക്കുന്നത്. എന്ന കാര്യം അധികൃതര്‍ ഉറപ്പുവരുത്തുക, മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ തുടർനടപടികൾ ആവശ്യമാണ്. കലക്ടർ ഇക്കാര്യത്തിൽ അലംഭാവംകാട്ടുന്നു എന്ന ആരോപണവുമുയരുന്നു. വെള്ളിയാഴ്ച കലക്ടറെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ടാങ്കർ ഉടമകൾ പറഞ്ഞു. പ്ലാന്റുകളിൽ നിയന്ത്രിതരീതിയിൽ സംസ്കരണത്തിന് സംവിധാനം ഒരുക്കാൻ ധാരണയായിട്ടും നടപ്പാക്കുന്നതിൽ കാലതാമസത്തിനടിയാകുന്നത് ജില്ല ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന കുറ്റപ്പെടുത്തലാണ് ഉയരുന്നത്. മഴക്കാലം തുടങ്ങുംമുമ്പ് രണ്ടുതവണ ടാങ്കർ ഉടമകൾ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. കലക്ടർ ഇത് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് പണിമുടക്കിനും മാലിന്യംമൂലം പൊറുതിമുട്ടുന്ന അവസ്ഥക്കും കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

