വിധിയെ അതിജയിച്ച് യാസീൻ പുരസ്കാര നിറവിൽ
text_fieldsമുഹമ്മദ് യാസീൻ
കായംകുളം: ദൗർബല്യങ്ങളെ അതിജയിച്ചു മനക്കരുത്തിന്റെ അടയാളമായി മാറിയ മുഹമ്മദ് യാസീൻ കേന്ദ്ര സർക്കാറിന്റെ സർവ ശ്രേഷ്ഠ ദിവ്യാങ്ക് പുരസ്കാര നിറവിൽ. കൈകളില്ലാത്ത കുരുന്നു പ്രതിഭ കീ ബോർഡിൽ നാദ വിസ്മയം സൃഷ്ടിച്ചാണ് ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ഉന്നത പുരസ്കാരം സ്വന്തമാക്കിയത്. കണ്ണ് മൂടിക്കെട്ടി മുട്ടുവരെ മാത്രമുള്ള വലത് കൈയിലൂടെ കീ ബോർഡുകളിൽ സംഗീതത്തിന്റെഞ മാസ്മരിക പ്രപഞ്ചമാണ് യാസീൻ തീർക്കുന്നത്. പുതുപ്പള്ളി പ്രയാർ വടക്ക് എസ്.എസ്. മൻസിൽ ഷാനവാസിന്റെയും ഷൈലയുടെയും മകനാണ് 13കാരനായ യാസീൻ.
ഇടത് കൈയും കാലും ഇല്ല, വലത് കൈ മുട്ടുവരെ മാത്രം. വളഞ്ഞ വലതുകാൽ രൂപത്തിൽ മാത്രം. എന്നാൽ ഇതൊന്നും കുറവായി കാണാത്ത യാസീൻ സ്റ്റേജിൽ ആടിത്തിമിർക്കുന്ന നർത്തകൻ കൂടിയാണ്. ഒപ്പം പാട്ടുകാരനായും മിമിക്രിക്കാരനായും തിളങ്ങുന്നു. മൊബൈൽ കാഴ്ചകളിലൂടെയാണ് കഴിവുകൾ ഓരോന്നും സായത്തമാക്കിയത്. ദൗർബല്യങ്ങളുമായി പിറന്നുവീണ മകനെയോർത്ത് സങ്കടപ്പെടാത്ത മാതാപിതാക്കളുടെ ആത്മവിശ്വാസമാണ് യാസീന്റെ കഴിവുകളെ ഓരോന്നായി വികസിപ്പിച്ചത്. മകന്റെ ഏത് ആഗ്രഹവും സാധിക്കാൻ നിഴലായി ഇവർ ഒപ്പമുണ്ടാകും.
ഡോ. എ.പി.ജെ. അബ്ദുൽ അബ്ദുൽ കലാം ബാല പ്രതിഭ പുരസ്കാരം, ഉജ്വലബാല്യ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പൂതപ്പാട്ടിലെ നങ്ങോലിയുടെ ഉണ്ണിയായി മാറിയ വേഷപകർച്ചയിലൂടെ കഴിഞ്ഞ തവണ റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നടനുമായി. പ്രസംഗ മത്സരത്തിലും പയറ്റിയിട്ടുണ്ട്. ചിത്രകാരൻ, കഥാകൃത്ത് തുടങ്ങി സർവകലാവല്ലഭനെന്ന വിശേഷണവും സ്വന്തമാക്കി. പ്രയാർ ആർ.വി.എസ്.എം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അൽ അമീൻ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

