ആധുനിക സൗകര്യമുള്ള ആംബുലൻസ് കട്ടപ്പുറത്ത്
text_fieldsഅരൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ട്രോമകെയർ സംവിധാനമുള്ള ലൈഫ് സേവ് ആംബുലൻസ് കട്ടപ്പുറത്തായിട്ട് മാസങ്ങൾ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ സന്ദർശനത്തോടനുബന്ധിച്ച് അകമ്പടി പോകുന്നതിനിടെ തോട്ടപ്പള്ളി സ്പിൽവേക്കു സമീപം കഴിഞ്ഞ സെപ്റ്റംബർ 10നാണ് ആംബുലൻസ് അപകടത്തിൽപെട്ടത്.
സർവിസ് വാറന്റിയുള്ള ആംബുലൻസ് അറ്റകുറ്റപ്പണിക്കായി നൂറനാട്ടെ സ്വകാര്യ വർക്ക്ഷോപ്പിൽ കയറ്റിയിരിക്കയാണ്. മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 35 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലൻസ് ആശുപത്രിക്ക് അനുവദിച്ചത്. നിലവിൽ കെ.ആർ. ഗൗരിയമ്മ മന്ത്രിയായിരിക്കെ അനുവദിച്ച ആംബുലൻസും ഷാനിമോൾ ഉസ്മാൻ അനുവദിച്ച അത്യാധുനിക സംവിധാനത്തിലുള്ള ആംബുലൻസും എ.എം. ആരിഫ് എം.പി അനുവദിച്ച ആംബുലൻസും 108 എന്നിങ്ങനെ നാലെണ്ണമാണ് ഉള്ളത്.
ദേശീയ പാതയോരത്തുള്ള പ്രധാന ആശുപത്രിയാണ് തുറവൂർ താലൂക്ക് ആശുപത്രി. പാതയിൽ അപകടത്തിൽപെടുന്നവരെ ആദ്യം എത്തിക്കുന്ന ആശുപത്രിയാണിത്. അത്യാധുനിക സംവിധാനത്തിലുള്ള ആംബുലൻസുകൾ ഇല്ലാത്തതിനാൽ നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു. ഇതേതുടർന്നാണ് ആധുനിക സംവിധാനമുള്ള ആംബുലൻസ് അനുവദിച്ചത്.
ആശുപത്രി അധികൃതരുടെയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും ഉദാസീനതയാണ് അറ്റകുറ്റപ്പണിക്കു കയറ്റിയ ആംബുലൻസ് ഇറക്കാൻ സാധിക്കാത്തതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.