തീരദേശ പാതയിൽ വൈകിയോട്ടം പതിവ്; ഇഴഞ്ഞ് ഇരട്ടപ്പാത നിർമാണം
text_fieldsആലപ്പുഴ: അമ്പലപ്പുഴ-എറണാകുളം റെയിൽവേ പാത ഇരട്ടിപ്പിക്കൽ നിർമാണം വൈകുന്നു. ഒറ്റപ്പാതയിലേക്ക് വന്ദേഭാരതും വന്നതോടെ ആലപ്പുഴയിലെ ട്രെയിൻ യാത്രക്കാർക്ക് ദുരിതം ഇരട്ടിയായി. റെയിൽപാത ഇരട്ടിപ്പിക്കൽ പണികൾ ആലപ്പുഴ ജില്ലയിലേക്ക് കടക്കുമ്പോൾ നടപടികൾക്ക് അത്ര വേഗമില്ലെന്നാണ് പ്രധാന പരാതി.
എറണാകുളം മുതൽ തുറവൂർ വരെ സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം ഇനിയും ആളുകളുടെ കൈകളിലെത്തിയിട്ടില്ല.
ആലപ്പുഴയിൽ സ്ഥലമെടുപ്പിനുള്ള സർവേ മാത്രമാണ് പൂർത്തിയായത്. സ്ഥലമെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവാണ് തടസ്സം. നിലവിൽ തുറവൂർ-കുമ്പളം ഭാഗത്ത് സ്ഥലമെടുപ്പ് നടപടി പുരോഗമിക്കുന്നുണ്ട്. കായംകുളം-എറണാകുളം പാതയിൽ ഭൂമി ഏറ്റെടുക്കൽ ഇഴയുന്നതാണ് പദ്ധതി അനിശ്ചിതമായി നീളാൻ കാരണം.
അമ്പലപ്പുഴ-എറണാകുളം പാതയിലെ 70 കിലോമീറ്റർ ഇരട്ടിപ്പിക്കാൻ 2661കോടി റെയിൽവേ അനുവദിച്ചിരുന്നു. അമ്പലപ്പുഴ-തുറവൂർ പാതയിൽ 62 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
തുറവൂർ-കുമ്പളങ്ങി ഭാഗത്ത് നിർമാണം നടക്കുന്നുണ്ട്. ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനംപോലും ഇറങ്ങിയിട്ടില്ല. 110 കിലോമീറ്ററുള്ള കായംകുളം-എറണാകുളം പാത ഇരട്ടിപ്പിക്കൽ 2024ൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. പാത ഇരട്ടിപ്പിക്കലിന്റെ ചെലവ് സംസ്ഥാനം പങ്കിടണമെന്ന നിർദേശം മുന്നോട്ടുവെച്ചതോടെയാണ് പദ്ധതി നിലച്ചത്.
പിന്നീട് വിഷൻ-2024 പദ്ധതിയിൽപെടുത്തിയതോടെയാണ് അൽപമെങ്കിലും ജീവൻ വെച്ചത്. മുംബൈ-കന്യാകുമാരി ഹെവി യൂട്ടിലൈസ്ഡ് നെറ്റ് വർക്കിന്റെ ഭാഗമായതിനാലാണ് എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ കടുംപിടിത്തത്തിൽനിന്ന് റെയിൽവേ അയഞ്ഞത്. കന്യാകുമാരി-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കൽ പൂർണമായും റെയിൽവേയുടെ ചെലവിലാണ് നടത്തിയത്. അതിനാൽ അമ്പലപ്പുഴ-എറണാകുളം ഇരട്ടപ്പാതയുടെ പകുതിച്ചെലവ് കേരളം വഹിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. അടങ്കലിന് അനുമതിയാകും മുമ്പേ സ്ഥലം ഏറ്റെടുപ്പിന് 510 കോടി കലക്ടറേറ്റുകളിൽ ദക്ഷിണ റെയിൽവേ കെട്ടിവെച്ചിരുന്നു.
ഇതിനെ റെയിൽവേ ബോർഡ് ചോദ്യം ചെയ്തതും അനിശ്ചിതത്വമുണ്ടാക്കി. കോട്ടയം വഴിയുള്ള സർവിസുകൾക്ക് തടസ്സമുണ്ടായാൽ ആലപ്പുഴ വഴി ട്രെയിനുകൾ തിരിച്ചുവിടാൻ കഴിയുന്ന വിധം പാത ഇരട്ടിപ്പിക്കണമെന്ന് റെയിൽവേ ബോർഡിന്റെ റിപ്പോർട്ടും നടപ്പായില്ല.
വൈകിയോട്ടത്തിൽ വലഞ്ഞ് യാത്രക്കാർ
വൈകിയോട്ടം കാരണം സ്ഥിരം യാത്രക്കാരായ ജീവനക്കാർക്ക് ഓഫിസുകളിൽ സമയത്ത് എത്തിച്ചേരാനും തിരികെ വീടുകളിലെത്താനും കഴിയാത്ത അവസ്ഥയാണ്. അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കൽ വൈകുന്നതാണ് ട്രെയിനുകളുടെ വൈകിയോട്ടത്തിന് കാരണം. രണ്ടാം വന്ദേഭാരതിന്റെ വരവോടെ സ്ഥിതി രൂക്ഷമായി. തീരദേശപാതയിൽ വന്ദേഭാരത് തുടങ്ങുന്ന ഘട്ടം മുതൽ മറ്റ് ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കുമെന്ന് സ്ഥിരം യാത്രക്കാരടക്കം പരാതിപ്പെട്ടെങ്കിലും അസൗകര്യമുണ്ടാകുമ്പോൾ പരിഗണിക്കാമെന്നായിരുന്നു റെയിൽവേ നിലപാട്.
വന്ദേഭാരതിലൂടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനും അമിതസമ്മർദമാണ്. വൈകീട്ട് ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ യാത്ര സുഗമമാക്കാനാണ് ജീവനക്കാരുടെ കഷ്ടപ്പാട്. സ്റ്റേഷനിലെ യാത്രാ വണ്ടികൾക്കുള്ള മൂന്ന് ട്രാക്കുകളും ഗുഡ്സ് ട്രാക്കും പിറ്റ്ലൈനും ഉപയോഗപ്പെടുത്തിയാണ് നിലവിൽ വന്ദേഭാരതിന് വഴിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

