അടിസ്ഥാന സൗകര്യങ്ങളില്ല; ദുരിതത്തിൽ വണ്ടിപ്പേട്ട
text_fieldsമൂവാറ്റുപുഴ: നഗരസഭക്ക് കീഴിലെ വണ്ടിപ്പേട്ടയിൽ ശുചിമുറി, വിശ്രമ സൗകര്യമടക്കം ഇല്ലാത്തത് ദുരിതമായി. വണ്ടിപ്പേട്ടയിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരടക്കമുള്ളവർക്ക് ഇരിപ്പിടം പോലും ഇല്ലാത്ത അവസ്ഥയാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന ഇവിടം മാലിന്യകേന്ദ്രവുമായി മാറിക്കഴിഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ലോറികളടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരസഭ കാൽനൂറ്റാണ്ട് മുമ്പ് എവറസ്റ്റ് കവലയിലെ ഹോമിയോ ആശുപത്രിക്ക് സമീപം പണിതീർത്ത വണ്ടിപ്പേട്ടയിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്തത്. ഇതുമൂലം ചരക്കുലോറികളടക്കം റോഡരികിൽ പാർക്ക് ചെയ്യുകയാണ്. ഇത് ഗതാഗതക്കുരുക്കിനും വഴിവെച്ചിരിക്കയാണ്. ലോറികൾ എത്താതായതോടെ ഇവിടം സ്വകാര്യ ബസുകളുടെ പാർക്കിങ് കേന്ദ്രമായി മാറി.
കാൽനൂറ്റാണ്ട് മുമ്പ് വണ്ടിപ്പേട്ട നിർമിക്കുമ്പോൾ കുളിമുറി, ശുചിമുറി, വിശ്രമകേന്ദ്രം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുണ്ടായിരുന്നു. എന്നാൽ, അന്ന് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് സ്ഥാപിക്കാൻ ഇതെല്ലാം നവീകരിച്ച് ഓഫിസ് കെട്ടിടമാക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ഓഫിസ് ഇവിടെനിന്നും കിച്ചേരിപ്പടിയിലേക്ക് മാറ്റി. ഈ കെട്ടിടം പിന്നീട് സ്വകാര്യ സ്ഥാപനത്തിന് വാടകക്ക് നൽകുകയും ചെയ്തു.
എന്നാൽ, വണ്ടിപ്പേട്ടയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെ തൊഴിലാളികൾക്കായി ഇതുവരെ ഇരിപ്പിടമോ, വിശ്രമകേന്ദ്രമോ, ശുചിമുറിയോ ഒരുക്കാൻ മാത്രം നടപടി ഉണ്ടായിട്ടില്ല. ഇതോടെ വാഹനങ്ങൾ വണ്ടിപ്പേട്ടയിൽ എത്താൻ തയാറാകുന്നില്ല. നഗരത്തിലേക്കെത്തുന്ന ചരക്കുലോറികൾക്ക് നഗരസഭ 70 രൂപയാണ് ഒരു ദിവസം പാർക്കിങ് ഫീസായി ഈടാക്കുന്നത്. എന്നിട്ടാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

