കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീട് ഉയരുന്നു
text_fieldsകുട്ടനാട് മങ്കൊമ്പിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിലുള്ള ആദ്യ ഫ്ലോട്ടിങ് വീട് നിർമാണം പുരോഗമിക്കുന്നു
ആലപ്പുഴ: വെള്ളത്തിനൊപ്പം വീടും പൊങ്ങിയാൽ പിന്നെ വെള്ളപ്പൊക്കത്തെ ഭയക്കേണ്ടതില്ല. അത്തരമൊരു വീടാണ് കുട്ടനാട് മങ്കൊമ്പിൽ ഉയരുന്നത്. മങ്കൊമ്പ് ചെറിയമഠത്തിൽ വരുൺ രാമകൃഷ്ണനുവേണ്ടിയാണ് കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീട് നിർമിക്കുന്നത്. ഉള്ള് പൊള്ളയായ അടിത്തറയും കനം കുറഞ്ഞ ഭിത്തികളും മേൽക്കൂരയുമാണ് വീടിന്റെ പ്രത്യേകത. ഇതുമൂലം ജലനിരപ്പ് ഉയരുന്നതിനുസരിച്ച് വീടും ഉയരുമെന്നതാണ് പ്രത്യേകത.
ജലനിരപ്പ് താഴുന്നതിന് അനുസരിച്ച് വീട് താഴ്ന്ന് അതേ സ്ഥാനത്തിരിക്കും. വശങ്ങളിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ നാലുവശത്തും ആങ്കർ സ്ഥാപിക്കും.വീടിന്റെ അടിത്തറക്ക് ഫെറോസിമന്റ് കൊണ്ടുള്ള ഫ്ലോട്ടിങ് പ്ലാറ്റ്ഫോമും ഭിത്തികൾക്ക് ഇ.പി.എസ് പാനലും മേൽക്കൂരക്ക് ലാറ്റക്സ് കോൺക്രീറ്റുമാണ് ഉപയോഗിക്കുന്നത്. ഉള്ളില്‍ വായു അറയുള്ള കോണ്‍ക്രീറ്റ് അടിത്തറയാണ് മുഖ്യഘടകം. ഓരോ അറയും 1.4 മീറ്റര്‍ നീളവും 1.2 മീറ്റര്‍ ഉയരവും ഒരുമീറ്റര്‍ വീതിയുമുള്ള 12 കള്ളികളായി തിരിച്ചിട്ടുണ്ട്. ആകെ 72 കള്ളികള്‍. ഇത് പൂര്‍ണമായും വെള്ളത്തെ പ്രതിരോധിക്കുന്നതാണ്.
2018ലെ പ്രളയത്തിനുശേഷം കുട്ടനാട്ടിൽ ഭൂരിഭാഗം വീടുകളും ഉയർന്ന തൂണുകളിലാണ് നിർമിക്കുന്നത്. ഇതിന് ചെലവ് കൂടുതലാണ്. ഇതിന് പരിഹാരമായി കുട്ടനാടിന് അനുയോജ്യമായ രീതിയിലാണ് ഫ്ലോട്ടിങ് വീട് നിർമാണം. എറണാകുളത്തെ എൻ.ജെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. ചതുരശ്രയടിക്ക് 3000 രൂപയാണ് ചെലവ്. നിര്‍മാണത്തിന് 25 വര്‍ഷ വാറന്റിയും നൽകുന്നുണ്ട്. ശൗചാലയത്തോടുകൂടിയ രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയുണ്ട്.
മണ്ണ് നിരപ്പാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിന് മുകളിലാണ് 1.2 മീറ്റർ ഉയരമുള്ള അടിത്തറ നിർമിച്ചത്. 90 മില്ലിമീറ്റർ കനമുള്ള തെർമോകോളിന് പുറത്ത് ഫെറോസിമന്റ് ഉപയോഗിച്ചാണ് ഭിത്തി. മേൽക്കൂര നിർമിക്കാൻ ഉപയോഗിക്കുന്ന ലാറ്റക്സ് കോൺക്രീറ്റിലെ ഗ്രാഫീന്റെ സാന്നിധ്യം ചൂടിനെ പ്രതിരോധിക്കും. വീടിനുള്ളിൽ പുറത്തുള്ളതിനേക്കാൾ 10 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറവായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

