മലിനീകരണം; കായലില്‍ കക്ക ക്ഷാമം, മറ്റ് ഉപജീവന മാർഗം തേടി തൊഴിലാളികൾ
text_fieldsകുട്ടനാട്: കായലില്‍നിന്നുള്ള കക്ക ലഭ്യത കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിതം അവതാളത്തിലായി. വേമ്പനാട്, കുട്ടനാട് കായൽപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കക്ക വാരല്‍ സജീവമായി നടക്കുന്നത്. ഇവിടെനിന്നാണ് ഇതര സംസ്ഥാനങ്ങളിലേക്ക് അടക്കം കക്ക കൊണ്ടുപോയിരുന്നത്.
തമിഴ്നാട്ടില്‍ വ്യവസായിക ഉപയോഗത്തിനും കൃഷിക്കും കക്ക ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ കക്ക ലഭ്യത പേരിന് മാത്രമേയുള്ളൂവെന്ന് തൊഴിലാളികൾ പറയുന്നു. വെള്ള കക്ക, കറുത്ത കക്ക എന്നിങ്ങനെ രണ്ടുതരമാണുള്ളത്.
വെള്ള കക്കയുടെ ലഭ്യതക്കുറവ് വര്‍ഷങ്ങളായുണ്ട്. അടിത്തട്ടില്‍നിന്ന് ലഭിക്കുന്ന ഇതിന് ജീവന് ഉണ്ടാകില്ല. കറുത്ത കക്ക അടിഞ്ഞാണ് വെള്ളക്കക്ക ഉണ്ടാകുന്നത്. കുമ്മായത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വെള്ളക്കക്കയാണ്. ജലമലിനീകരണമാണ് കക്കയുടെ ലഭ്യത കുറയാന്‍ പ്രധാന കാരണം.
എട്ട് മണിക്കൂറിലധികം കായലില്‍ പണിയെടുത്താല്‍ ഏഴ്, എട്ട് പാട്ട കക്ക മാത്രമാണ് പലപ്പോഴും ലഭിക്കുന്നത്. ഒരു പാട്ട കക്ക 20 കിലോയോളം വരും. കക്കയിറച്ചിയുടെ വിലയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. കുമ്മായത്തിന് പകരം മറ്റ് സാധനങ്ങൾ ഉപയോഗിക്കുന്ന പ്രവണത ഏറിയതിലൂടെ കുമ്മായം ഡിമാൻറ് കുറഞ്ഞതും തൊഴിലാളികൾക്ക് ദുരിതമാണ്. കക്ക സംരക്ഷിക്കാൻ നടപടി വേണമെന്ന് തൊഴിലാളികൾ നാളുകളായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും തീരുമാനമില്ല.
കായലില്‍ മല്ലിക്കക്കയുടെയും പൊടിമീനിെൻറയും സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മറുഭാഗത്ത് അനധികൃത കക്കവാരല്‍ നടക്കുകയാണ്. അനധികൃത വാരൽ തടഞ്ഞ് കക്ക സംരക്ഷിക്കുന്നതിന് നടപടി ആവിഷ്കരിക്കണമെന്നാണ് ഉള്‍നാടന്‍ കക്കതൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കാലയളവിലാണ് കക്കയുടെ പ്രജനനം. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ വാരിയെടുത്താല്‍ കക്ക തോടും ഇറച്ചിയും വഴി മികച്ച വരുമാനമാണ് തൊഴിലാളികള്‍ക്ക് കിട്ടുക. കക്കയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനങ്ങള്‍ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കരിങ്കൽ പൊടിയും വില്ലൻ
കുമ്മായത്തിന് പകരം റോക്ക് കോസ്റ്റിെൻറ (കരിങ്കല്‍പ്പൊടി) ഉപയോഗം വർധിച്ചതും കക്ക വാരല്‍ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൃഷി ആവശ്യങ്ങള്‍ക്കും മറ്റും കുമ്മായത്തിന് പകരം ലൈംസ്റ്റോണ്‍ എന്ന പേരിലാണ് റോക്ക് കോസ്റ്റ് ഉപയോഗിക്കുന്നത്. ഇതിനാൽ സംസ്ഥാനത്ത് കക്കാതോടിന് ആവശ്യക്കാരില്ലാതായി. പാടശേഖരങ്ങളിലാണ് റോക്ക് കോസ്റ്റ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിെൻറ ഗുണനിലവാരമില്ലെന്ന സംശയത്തിലും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.