സെൻസസ് 2027: സംസ്ഥാനത്ത് ആദ്യമായി ഒന്നാം ഘട്ടം പൂർത്തിയാക്കി കുട്ടനാട് താലൂക്ക്
text_fieldsആലപ്പുഴ: സെൻസസ് 2027ന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളായ ഹൗസ് ലിസ്റ്റിങ്ങും ഹൗസിങ് സെൻസസും സംസ്ഥാനത്താദ്യമായി പൂർത്തിയാക്കി കുട്ടനാട് താലൂക്ക്. ജൂലൈ 30നാണ് ആദ്യഘട്ടം പൂർത്തിയാക്കേണ്ടത്. എന്നാൽ, ജൂലൈ 26ന് തന്നെ കുട്ടനാട് താലൂക്കിൽ പൂർത്തിയായി. ഇതോടൊപ്പം മാവേലിക്കര മുനിസിപ്പാലിറ്റിയും 26ന് തന്നെ ആദ്യഘട്ടം പൂർത്തിയാക്കി. സംസ്ഥാനത്തെ 78 താലൂക്ക് ഓഫിസുകളിൽനിന്ന് ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾ ആദ്യമായി പൂർത്തിയാക്കിയ താലൂക്ക് എന്ന സവിശേഷ നേട്ടമാണ് കുട്ടനാട് താലൂക്ക് സ്വന്തമാക്കിയത്.
നഗരസഭ മേഖലകളിൽ മാവേലിക്കര മുനിസിപ്പാലിറ്റിയും ഒന്നാംഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. സംസ്ഥാനത്തെ പഞ്ചായത്ത് മേഖലകളിൽ സെൻസസ് ചാർജ് ഓഫിസർമാരായി തഹസിൽദാർമാരും നഗരസഭാ മേഖലകളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുമാണ് പ്രവർത്തിക്കുന്നത്.
കുട്ടനാട് താലൂക്കിൽ ആകെ 320 ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകൾ (എച്ച്.എൽ.ബി) ഉൾപ്പെട്ടിരുന്നു. കായലും കരയും ഇടകലർന്നതും ഗതാഗത-ഭൗമശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞതുമായ പ്രദേശമായിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സെൻസസ് ചാർജ് ഓഫിസർ, മേൽനോട്ട ഉദ്യോഗസ്ഥർ, എന്യൂമറേറ്റർമാർ, മറ്റ് ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ നടത്തിയ ആത്മാർഥവും ഏകോപിതവുമായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം. ഈ ശ്രദ്ധേയമായ നേട്ടത്തിന് നേതൃത്വം നൽകിയ കുട്ടനാട് തഹസിൽദാർ പി. കെ. സൗമ്യ, താലൂക്ക് ഓഫിസിലെ ജീവനക്കാർ, മാവേലിക്കര മുനിസിപ്പൽ സെക്രട്ടറി മേഘ മേരി കോശി, മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ എന്നിവരെ ജില്ല പ്രിൻസിപ്പൽ സെൻസസ് ഓഫിസറും കലക്ടറുമായ ഷാജി വി. നായർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

