രണ്ടാം കൃഷി നെല്ല് സംഭരണം കർഷകർക്ക് 3.6 കോടി നൽകാൻ അനുമതി
text_fieldsകൃഷി നെല്ല്
കുട്ടനാട്: രണ്ടാം കൃഷി നെല്ല് സംഭരണത്തിന്റെ പണം വെള്ളിയാഴ്ച മുതൽ കർഷകർക്ക് കിട്ടും.
3.6 കോടി നൽകാൻ അനുമതിയായി. പേ ഓർഡർ ജനറേറ്റ് ചെയ്തിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. നെല്ലിന്റെ താങ്ങുവില ഇത്തവണ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുകയാണ്. നെല്ല് അളന്നശേഷം നൽകുന്ന പി.ആർ.എസ് കൃഷി ഓഫിസറും പാഡി മാർക്കറ്റിങ് ഓഫിസറും ഓൺലൈനിൽ അംഗീകരിക്കുന്ന മുറക്ക് അക്കൗണ്ടിലേക്ക് പണമെത്തും.
സംഭരണവില കിലോക്ക് 28.20 രൂപയെന്ന് നിശ്ചയിച്ച് ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു. പണം നേരിട്ട് കർഷകർക്ക് നൽകാൻ സർക്കാർ മുൻകൈയെടുത്ത് ബാങ്കുകളുടെ കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. സപ്ലൈകോ ഇതിൽനിന്ന് 2500 കോടി വായ്പയെടുത്തിട്ടുണ്ട്. ഈ തുകയാണ് നെല്ലിന്റെ വിലയായി അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക.
28.20 രൂപക്ക് പുറമെ കിലോക്ക് 12 പൈസ കൈകാര്യച്ചെലവുകൂടി കർഷകർക്കു ലഭിക്കും. 3219 കർഷകരുടെ പക്കൽനിന്നാണ് നെല്ല് ഇതുവരെ സംഭരിച്ചത്.
ഇവർക്കെല്ലാംകൂടി 28.24 കോടിയാണ് നൽകാനുള്ളത്. 5149 ഹെക്ടറിലാണ് ഇതുവരെ കൊയ്തത്. 4432 ഹെക്ടർ കൂടി കൊയ്യാനുണ്ട്.