വെള്ളക്കെട്ട് ഒഴിയാതെ കുട്ടനാട്
text_fieldsആലപ്പുഴ: മഴ മാറിനിന്നിട്ടും കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. അതിനാൽ 2831 കുടുംബങ്ങളിലായി 10167 പേർ താമസിക്കുന്ന 66 ദുരിതാശ്വാസക്യാമ്പുകളും തുടരേണ്ട സാഹചര്യമാണ്. അമ്പലപ്പുഴ-19, കുട്ടനാട്-18, കാർത്തികപ്പള്ളി-10, മാവേലിക്കര-നാല്, ചെങ്ങന്നൂർ-15 കാർത്തികപ്പള്ളി-10 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. എ.സി കനാൽ കരകവിഞ്ഞ് പ്രളയത്തെ അതിജീവിക്കാൻ 800 കോടി മുടക്കി നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലേക്ക് കയറിയവെള്ളം ഇറങ്ങിയെങ്കിലും മങ്കൊമ്പ് ജങ്ഷനിലെ വെള്ളക്കെട്ട് തുടരുകയാണ്.
സമീപത്തെ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കാര്യാലയം, സിവിൽസ്റ്റേഷൻ, പുളിങ്കുന്ന് എൻജീനിയറിങ് കോളജ്, തട്ടാശ്ശേരി അടക്കമുള്ള പ്രദേശത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. റോഡിലെ വെള്ളക്കെട്ടാണ് പ്രധാനതടസ്സം. വെള്ളമിറങ്ങിയ എടത്വ-വീയപുരം, ഹരിപ്പാട് റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിച്ചു. ഹരിപ്പാട്, എടത്വ, തിരുവല്ല ഡിപ്പോകളില്നിന്നാണ് സർവിസ് തുടങ്ങിയത്.
നീരേറ്റുപുറത്തും ചമ്പക്കുളത്തും ഒന്നരയടിയോളം ജലനിരപ്പ് താഴ്ന്നു. കിടങ്ങറ ഒഴികെ മറ്റിടങ്ങളിൽ ജലനിരപ്പ് ഇപ്പോഴും അപകടനിലക്ക് മുകളിലാണ്. പള്ളാത്തുരുത്തി 1.46 (1.40), കാവാലം 1.63 (1.40), നെടുമുടി 1.60 (1.45), മങ്കൊമ്പ് 1.62 (1.35), ചമ്പക്കുളം 1.76 (1.69), കിടങ്ങറ 1.95 (1.97) നീരാറ്റുപുറം 2.72 (2.42) എന്നിങ്ങനെയാണ് ജലനിരപ്പ്. കാവാലത്തുനിന്ന് കൈനടി വഴി ചങ്ങനാശ്ശേരിക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തി.
അതേസമയം, കാവാലത്തുനിന്ന് കൃഷ്ണപുരം വഴിയും കുട്ടനാട്ടിലെ മറ്റ് ഗ്രാമീണ മേഖലകളിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. വെള്ളപ്പൊക്കം കാവാലം-തട്ടാശേരി ജങ്കാർ സർവിസിനെയും ബാധിച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളിലെ വീടുകളിൽ ഇപ്പോഴും വെള്ളംകയറി കിടക്കുകയാണ്. പ്രധാനപാതകളിൽ ഒഴികെ മറ്റ് റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടില്ല. വലിയതോതിൽ ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

