പ്രളയഭീതിയില്‍ കുട്ടനാട്: ദുരിതങ്ങളേറെ
text_fieldsതലവടി ഏഴാം വാര്‍ഡ് അശോകെൻറ വീട്ടില്‍ വെള്ളം കയറിയ നിലയില്‍
കുട്ടനാട്: മഴ കനത്തതോടെ കുട്ടനാട് പ്രളയഭീതിയില്‍. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
മൂന്ന് ദിവസമായി തുടരുന്ന മഴ ഞായറാഴ്ച ഉച്ചയോടെ കാറ്റിനും ഇടിമിന്നലിനൊപ്പം ശക്തിയാര്‍ജിച്ചു. കുട്ടനാട്, -അപ്പര്‍ കുട്ടനാട് മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. പൊതുഗതാഗതം തടസ്സപ്പെട്ടു. തലവടി, തകഴി, വീയപുരം, മുട്ടാര്‍, പാണ്ടി-പ്പോച്ച, നിരണം പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചില വീടുകള്‍ മുട്ടോളം വെള്ളത്തില്‍ മുങ്ങി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ദുരിത ബാധിതര്‍ മടിക്കുകയാണെങ്കിലും വെള്ളം ക്രമാതീതമായി ഉയരുകയാണ്.
ടൗെട്ട ചുഴലിക്കറ്റിെൻറ പ്രഭാവത്തില്‍ 20 വരെ ജില്ലയില്‍ കനത്തമഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴ നീണ്ടാല്‍ വീണ്ടുമൊരു പ്രളയമെത്താന്‍ സാധ്യതയുണ്ടെന്ന് കുട്ടനാട്ടുകാര്‍ ആശങ്കപ്പെടുന്നു.
കിഴക്കന്‍ വെള്ളത്തിെൻറ വരവ് ശക്തിയാര്‍ജിച്ചതോടെ പമ്പ, മണിമല ആറുകളിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നു. നദീതീരങ്ങളിലും പാടശേഖര പുറംബണ്ടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ആശങ്കയോടെയാണ് കഴിയുന്നത്. ജലാശയത്തിലെ വെള്ളത്തിെൻറ വരവ് ശക്തിപ്പെട്ടാൽ വീടുകള്‍ ഒഴുക്കില്പെടാന് സാധ്യതയുണ്ട്. പാടശേഖര നടുവിലെ താമസക്കാരും ഒറ്റപ്പെട്ട അവസ്ഥയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതം നിലച്ചതോടെ ബന്ധുവീടുകളിലേക്കോ, ഉയർന്ന പ്രദേശങ്ങളിലേക്കോ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് മാറാന്‍ കഴിയാത്ത അവസ്ഥയാണ്. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരുകുടുംബം മാത്രമാണ് എത്തിയത്.
പത്രവിതരണത്തിനിടെ ഒഴുക്കില്‍പെട്ട ഏജൻറും മകനും രക്ഷപ്പെട്ടു
കുട്ടനാട്: പത്രവിതരണത്തിനിടെ ഒഴുക്കില്‍പെട്ട ഏജൻറും മകനും രക്ഷപ്പെട്ടു. വള്ളത്തില്‍ തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാമ്മൂട്ടില്‍ ഉമ്മന്‍ മാത്യു, മകന് ടോം എം. ഉമ്മന്‍ എന്നിവരാണ് നീരേറ്റുപുറം പമ്പയാറ്റിലെ ഒഴുക്കില്‍പെട്ടത്. ഞായറാഴ്ച രാവിലെ ആറിന് കുന്നുമ്മാലി കുതിരച്ചാല്‍ കോളനിയിലെ പത്ര വിതരണത്തിന് ശേഷം പമ്പയാറിെൻറ മറുകരയില്‍ വിതരണത്തിന് പോയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരും നീന്തിരക്ഷപ്പെട്ടു.
കാറ്റില്‍ വീടിെൻറ മേല്‍ക്കൂര പറന്നുപോയി
കുട്ടനാട്: ശക്തമായ കാറ്റില്‍ വീടിെൻറ മേല്‍ക്കൂര പറന്നുപോയി. തലവടി കുന്തിരിക്കല്‍ കോടമ്പനാടി പുത്തന്‍പുരക്കല്‍ ദാസെൻറ വീടിെൻറ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയാണ് കാറ്റില്‍ പറന്നുപോയത്.
ഷീറ്റിന് താഴെ മച്ച് ഉണ്ടായിരുന്നതിനാല്‍ താമസക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പ്രദേശത്ത് കാറ്റില്‍ നിരവധി മരം കടപുഴകി വ്യാപക നാശം നേരിട്ടിട്ടുണ്ട്.