അനാഥമായി കുത്തിയതോട് വഴിയോര വിശ്രമകേന്ദ്രം
text_fieldsകുത്തിയതോട് വഴിയോര വിശ്രമകേന്ദ്രം
കാടുകയറിയ നിലയിൽ
തുറവൂർ: കുത്തിയതോട് വഴിയോര വിശ്രമകേന്ദ്രം ഏറ്റെടുക്കാൻ ആളില്ലാതെ കാടുകയറി നശിക്കുന്നു. കുത്തിയതോട് ബസ്സ്റ്റോപ്പിന് അരികിൽ കോടംതുരുത്ത് പഞ്ചായത്ത് ഓഫിസിന്റെ മുന്നിലാണ് 50 സെന്റോളം സ്ഥലത്ത് വലിയ സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം വർഷങ്ങൾക്കുമുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ദേശീയപാതയിലൂടെ ദീർഘദൂരം സഞ്ചരിക്കുന്ന യാത്രകാർക്ക് വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനും ടോയ്ലറ്റിൽ പോകാനും ഫോൺ ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾക്ക് പുറമേ, കുട്ടികൾക്കുള്ള പാർക്കും മറ്റു സൗകര്യങ്ങളുമുണ്ടായിരുന്നു.
പ്രദേശവാസികൾക്ക് ഉപയോഗിക്കാൻ കൂടിയായിരുന്നു കുട്ടികളുടെ പാർക്ക്. തുടക്കത്തിൽ പ്രദേശത്തുള്ളവർ സൗകര്യപ്രദമായി ഇത് ഉപയോഗിക്കാറുമുണ്ടായിരുന്നു. ഗ്രാമപ്രദേശത്തുള്ളവർക്ക് ചെറിയ കലാപരിപാടികൾ നടത്താൻ ഓപൺ എയർ ഓഡിറ്റോറിയവും സ്ഥാപിച്ചിരുന്നു. കോടികൾ മുടക്കിയാണ് കമനീയമായ കെട്ടിടങ്ങൾ ദേശീയപാതയോരത്ത് നിർമിച്ചത്.
കുത്തിയതോട്, കോടംതുരുത്ത് പ്രദേശങ്ങളിലുള്ളവർക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന വലിയ വാട്ടർടാങ്ക് ഇവിടെ നിലനിന്നിരുന്നു. ജപ്പാൻ കുടിവെള്ളം വിതരണം സാധ്യമായതോടെ ഉപയോഗശൂന്യമായ വാട്ടർടാങ്ക് പൊളിച്ചുമാറ്റിയാണ് വഴിയോര വിശ്രമ കേന്ദ്രത്തിന് സൗകര്യമൊരുക്കിയത്. എന്നാൽ, തുടക്കകാലത്ത് ഏറ്റെടുത്ത് നടത്തിയവർ ശരിയായ രീതിയിൽ നടത്തിയില്ല. തുടർന്ന് നടത്തിയവർക്കും തുടരാൻ കഴിഞ്ഞില്ല. അങ്ങനെ ഇപ്പോൾ റസ്റ്റാറൻറും അനുബന്ധ സ്ഥാപനങ്ങളും പൂട്ടിയ നിലയിലാണ്. ഉപയോഗശൂന്യമായ വിശ്രമകേന്ദ്രം കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.
കോടംതുരുത്ത് പഞ്ചായത്തിന്റെ സ്ഥലത്തുള്ള വിശ്രമകേന്ദ്രത്തിന്റെ ചുമതല പഞ്ചായത്തിനെ ഏൽപിക്കുകയാണെങ്കിൽ കുറ്റമറ്റരീതിയിൽ പ്രവർത്തിപ്പിക്കാമെന്ന് കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് ജയകുമാർ പറയുന്നു. എന്നാൽ, സ്വകാര്യ ഏജൻസിയെ സർക്കാർ ഏൽപിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ തുടർചുമതല പൊതുമരാമത്തിനെ ഏൽപിക്കാൻ തീരുമാനിച്ചെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

