ആനവണ്ടി ഉല്ലാസയാത്ര സൂപ്പർഹിറ്റ്; മണ്‍സൂണും ആസ്വദിക്കാം
text_fieldsആലപ്പുഴ: ചുരുങ്ങിയ ചെലവിൽ നാടുചുറ്റുന്ന ആനവണ്ടി ഉല്ലാസയാത്രകൾ സൂപ്പർ ഹിറ്റായതോടെ മൺസൂൺ പാക്കേജുമായി കെ.എസ്.ആർ.ടി.സി. മഴക്കാലത്ത് പ്രകൃതിഭംഗി ആസ്വദിക്കാൻ വ്യത്യസ്തസ്ഥലങ്ങളെ കോർത്തിണക്കിയാണ് ടൂർ പാക്കേജുകൾ നടത്തുന്നത്. ജില്ലയിലെ 72 പഞ്ചായത്തിലും ആറ് നഗരസഭയിലെയും കുടുംബശ്രീ സി.ഡി.എസ് ഗ്രൂപ്പുകളിലെ വനിതകൾക്കായും കുടുംബങ്ങൾക്കായും പ്രത്യേക സഞ്ചാരയാത്രകളും ഒരുക്കിയിട്ടുണ്ട്. ഈമാസം 19ന് ചേർത്തല ഡിപ്പോയിൽനിന്നാണ് മൺസൂൺ വിനോദസഞ്ചാരത്തിന് തുടക്കമാകുന്നത്.
ചേർത്തല-വാഴച്ചാൽ-മലക്കപ്പാറ ടൂർ പാക്കേജിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ വാഴച്ചാൽ, അതിരപ്പള്ളി മേഖലയിലെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ, സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 900 മീറ്റര്‍ ഉയരത്തിൽ തമിഴ്നാട് അതിർത്തി പങ്കിടുന്ന മലക്കപ്പാറയിലെ കോടമഞ്ഞും പ്രകൃതിഭംഗിയും അപൂര്‍വയിനം സസ്യങ്ങള്‍, ശലഭങ്ങള്‍, ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള്‍, മ്ലാവ് തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം എന്നിവ യാത്രയിൽ കാണാനാകും. ഒരാൾക്ക് 650 രൂപയാണ് (ഭക്ഷണമില്ല) യാത്രനിരക്ക്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് ഫോൺ: 9633305188, 9961412798, 9846507307.
കുട്ടനാടിന്റെ പ്രകൃതിയും കായൽയാത്രയും ഉൾപ്പെടുത്തിയ 'കിഴക്കിന്റെ വെനീസിലേക്കുള്ള യാത്ര'യാണ് മറ്റൊന്ന്. ജലഗതാഗത വകുപ്പിന്റെ വേഗബോട്ടിൽ പുന്നമട-വേമ്പനാട്ടുകായല്‍ -മുഹമ്മ-പാതിരാമണല്‍-കുമരകം-ആര്.ബ്ലോക്ക് -മാര്‍ത്താണ്ഡം-ചിത്തിര - സി.ബ്ലോക്ക് -കുപ്പപ്പുറം വഴി കുട്ടനാടിന്റെ ഭംഗി ആസ്വദിക്കലും നാടൻഭക്ഷണവുമാണ് പ്രധാനം. മടക്കയാത്രയിൽ ആലപ്പുഴ ബീച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. പാറശ്ശാല ഡിപ്പോയിൽനിന്നുള്ള 47 അംഗസംഘം കഴിഞ്ഞദിവസം ആലപ്പുഴയിലെത്തിയിരുന്നു. ഒരാൾക്ക് ബോട്ട് യാത്ര ഉൾപ്പെടെ 1070 രൂപയായിരുന്നു നിരക്ക്.
- ചുരുങ്ങിയ ചെലവിൽ 'നാടുചുറ്റാം'
ചുരുങ്ങിയ ചെലവിൽ ഒറ്റക്കും സംഘമായും നാടുചുറ്റാമെന്നതിനാൽ ആനവണ്ടിയുടെ വിനോദയാത്രക്ക് പ്രിയമേറെയാണ്. അവധിദിനങ്ങളിലെ 'വൺഡേ' ട്രിപ്പുകൾക്കാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. വിവിധ ഡിപ്പോകളിൽനിന്ന് മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ്, ഓപൺ ടേക് ഡബിൾ ഡെക്കർ എന്നിവയാണത്. ചില ഡിപ്പോകളിൽനിന്ന് അടുത്തുള്ള ഡാം, ബീച്ച്, ആന വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കും ട്രിപ്പുണ്ട്. മലക്കപ്പാറ സർവിസിനാണ് ഏറ്റവും പ്രിയം. മൂന്നാർ, കോതമംഗലം ജംഗിൾ സഫാരി, നെല്ലിയാമ്പതി എന്നിവയാണ് തൊട്ടുപിന്നിൽ. ഇതിനൊപ്പം മാവേലിക്കരയിൽനിന്ന് ആഡംബര ക്രൂയിസ് കപ്പൽ നെഫർറ്റിയിൽ യാത്രയും നടത്തിയിരുന്നു.
ജില്ലയിലെ ഏഴ് ഡിപ്പോയിലെയും വിനോദയാത്രകൾ കോർത്തിണക്കാൻ ബജറ്റ് ടൂറിസം സെൽ കോർ ടീമും പ്രവർത്തിക്കുന്നുണ്ട്. ഓരോ ഡിപ്പോകളിലെയും സെൽ ചുമതലയുമുള്ള ഓഫിസർമാരും ജില്ല കോഓഡിനേറ്ററും അടങ്ങുന്നതാണ് ടീം. നിലവിലുള്ളതിന് പുറമെ പുതിയ സ്ഥലങ്ങളിലേക്കും ട്രിപ് യാത്രക്കാർക്ക് നിർദേശിക്കാനും അവസരമുണ്ട്.
- വിനോദയാത്രയിൽ മുന്നിൽ ഹരിപ്പാട്
യാത്രക്കാരുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടക്കുന്നുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന സ്ഥലങ്ങളിലേക്കും യാത്രനടത്തിയതിൽ ജില്ലയിൽ മുന്നിൽ ഹരിപ്പാട് ഡിപ്പോയാണ്. ഇതുവരെ 28 വിനോദയാത്രകളാണ് നടത്തിയത്. മലക്കപ്പാറ -22, വാഗമൺ -നാല്, അരിപ്പ -രണ്ട് എന്നിങ്ങനെയാണിത്. തൊട്ടുപിന്നിൽ മാവേലിക്കര ഡിപ്പോയാണ്. കൊച്ചിയിലെ ആഡംബര കപ്പൽ യാത്രയടക്കം 24 എണ്ണമാണ് നടത്തിയത്. ആഡംബരകപ്പൽ-ഒന്ന്, വാഗമൺ -ഏഴ്, അരിപ്പ -ഒന്ന്, മലക്കപ്പാറ -ഒന്ന്, മൺറോതുരുത്ത് -ആറ്, മൂന്നാർ -രണ്ട്, വണ്ടർലാ -ഒന്ന്, ഇഞ്ചത്തൊട്ടി -രണ്ട്, സാഗരറാണി -രണ്ട് എന്നിങ്ങനെയാണിത്.
ആലപ്പുഴ ഡിപ്പോയിൽനിന്ന് മലക്കപ്പാറ -11, അരിപ്പ -ഒന്ന്, വാഗമൺ -നാല്, തിരുവൈരാണിക്കുളം -രണ്ട് എന്നിവ ഉൾപ്പെടെ 17 യാത്രകളും ചേർത്തലയിൽനിന്ന് ഭൂതത്താൻകെട്ട്, ഇഞ്ചത്തൊട്ടി, വണ്ടർലാ എന്നിവയടക്കം പത്തും കായംകുളത്തുനിന്ന് വാഗമൺ, മലക്കപ്പാറ, സാഗരറാണി എന്നിവിടങ്ങളിലായി ഒമ്പതും ചെങ്ങന്നൂരിൽനിന്ന് മൂന്ന് വാഗമൺ യാത്രകളുമാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

