വൃത്തിഹീനം, പരാതികൾ അവഗണിച്ചു; കെ.എസ്.ആർ.ടി.സി കാൻറീൻ അടച്ചുപൂട്ടി
text_fieldsകായംകുളം കെ.എസ്.ആർ.ടി.സി കാൻറീൻ പരിസരത്ത് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു
കായംകുളം: വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി കാൻറീൻ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി.നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി. കാൻറീന് പിന്നിൽ ഭക്ഷണമാലിന്യങ്ങൾ അടക്കം സംസ്കരിക്കാതെ സൂക്ഷിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി ഭക്ഷണ അവശിഷ്ടങ്ങൾ സൂക്ഷിച്ചത് പ്രദേശത്ത് അസഹനീയ ദുർഗന്ധത്തിന് കാരണമായിരുന്നു.
മാലിന്യം സംസ്കരിക്കുന്നതിന് സജ്ജീകരണം ഒരുക്കണമെന്ന് നഗരസഭ രേഖാമൂലം അറിയിച്ചെങ്കിലും പാലിക്കാൻ കാൻറീൻ നടത്തിപ്പുകാർ തയാറായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചിടണമെന്നും സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയശേഷം ബോധ്യപ്പെട്ടാൽ തുറന്നുപ്രവർത്തിച്ചാൽ മതിയെന്നും കാട്ടി കത്ത് നൽകിയതായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസമോൾ പറഞ്ഞു.
നഗരസഭ സെക്രട്ടറി സനൽ ശിവന്റെ നിർദേശപ്രകാരം ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിസമോൾ, അരുണിമ, ഷിബു, സുജ ബി. നായർ, ദീപ എന്നിവരടങ്ങുന്ന സംഘമാണ് കാന്റീനിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

