കുട്ടനാട്ടുകാർക്ക് ആശ്വാസം; എ.സി റോഡിൽ ‘ആനവണ്ടികൾ’ ഇറങ്ങി
text_fieldsആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ വീണ്ടും ആനവണ്ടികൾ ഓടിത്തുടങ്ങി. യാത്രക്ലേശത്തിൽ വലഞ്ഞ കുട്ടനാട്ടുകാർക്ക് നേരിയ ആശ്വാസം. തുടക്കത്തിൽ ആലപ്പുഴ, ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളിലായി 19 ട്രിപ്പുകളാണ് സർവിസ് നടത്തിയത്. നിറയെ യാത്രക്കാരുമായാണ് ആലപ്പുഴയിൽനിന്ന് ആദ്യ ട്രിപ് ചങ്ങനാശ്ശേരിക്ക് പുറപ്പെട്ടത്. തിരിച്ചും യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടു.
പാതയിൽ പുതുതായി വീതികൂട്ടി നിർമിച്ച മേൽപാലങ്ങളും വലിയപാലങ്ങളും കടന്ന് കുട്ടനാടിന്റെ സൗന്ദര്യം നുകർന്നായിരുന്നു യാത്ര. രാവിലെ 7.30 മുതൽ 10വരെയും വൈകീട്ട് 3.30 മുതൽ 6.15വരെയും അരമണിക്കൂർ ഇടവിട്ടാണ് ഫാസ്റ്റ് പാസഞ്ചർ ഓടുക. ഇതിനിടെയുള്ള സമയങ്ങളിൽ ഒരുമണിക്കൂർ ഇടവിട്ടും സർവിസുണ്ട്. എ.സി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പൂർണമായും സർവിസുകൾ വെട്ടിച്ചുരുക്കിയിരുന്നു.
യാത്രക്കാരുടെ വർധന അനുസരിച്ച് കൂടുതൽ സർവിസുകൾ നടത്തുമെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ റോഡും പാലവും നിർമാണം നടക്കുന്ന ഒന്നാംകര മുതൽ മങ്കൊമ്പ് വരെയാണ് ഗതാഗതതടസ്സം രൂക്ഷം. ഒന്നാംകര പാലത്തിന്റെയും അപ്രോച്റോഡിന്റെയും പണി നടക്കുന്നതിനാൽ ഒറ്റവരിപ്പാതയിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുക. ഇതാണ് വലിയകുരുക്കിന് കാരണമാകുന്നത്. പാതയിലെ 18 കിലോമീറ്റർ പൂർണമായും ടാറിങ് പൂർത്തിയായി. പുതിയ ഓടയുടെ മുകളിലെ ടൈൽ പാകൽ ജോലികൾ, നിർമാണം പൂർത്തിയാക്കിയ പാലങ്ങളുടെ പെയ്ന്റിങ് എന്നിവയാണ് പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

