കെ.എസ്.ആർ.ടി.സി ബസിടിച്ച് മരണം, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsആലപ്പുഴ: ജനറൽ ആശുപത്രി ജങ്ഷനിൽ മകനുമൊത്ത് സ്കൂട്ടറിൽ സഞ്ചരിച്ച പിതാവ് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
ആലപ്പുഴ-കോട്ടയം റൂട്ടിലോടുന്ന ആലപ്പുഴ ഡിപ്പോ കെ.എസ്.ആർ.ടി.സി ഡ്രൈവർ കെ.വി. ഷൈലേഷിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. അപക്വമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആർ.ടി.ഒ സജി പ്രസാദ് പറഞ്ഞു.
ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം കേട്ട ശേഷമാണ് നടപടിയെടുത്തത്.
ലൈസൻസ് ഒരുവർഷത്തിനുശേഷം തിരികെ നൽകുന്നതിനുമുമ്പ് ഡ്രൈവർക്ക് ആവശ്യമായ ബോധവത്കരണം നൽകും. പൊലീസിൽനിന്ന് ലഭിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ അശ്രദ്ധ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അപകടത്തിന് പിന്നാലെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യത്തിലും ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ സർവിസിൽനിന്ന് കെ.എസ്.ആർ.ടി.സിയും സസ്പെൻഡ് ചെയ്തിരുന്നു. ഈമാസം 22ന് വൈകീട്ട് 5.05ന് ആശുപത്രി ജങ്ഷനിൽ പെട്രോൾപമ്പിന് മുന്നിലായിരുന്നു അപകടം. ഡ്രൈവർ അശ്രദ്ധമായി ഓവർടേക്ക് ചെയ്തതോടെയാണ് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ബസിടിച്ചത്. തത്തംപള്ളി കരളകം വാർഡിൽ കണ്ണാടിച്ചിറയിൽ മാധവനാണ് (73) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകൻ ഷാജിക്കും (50) പരിക്കേറ്റിരുന്നു. ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിന് പിന്നിലിരുന്ന മാധവൻ ബസിനടിയിലേക്ക് തെറിച്ചുവീണ് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

