കെ.എസ്.ആര്.ടി.സി ബസ് അപകടത്തിൽപെട്ടു; 28 പേര്‍ക്ക് പരിക്ക്
text_fieldsചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷനു സമീപം പാലത്തിന്റെയും അടിപ്പാതയുടെയും നിർമാണം നടക്കുന്നിടത്തേക്ക് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറുമടക്കം 10പേരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ച 4.30 ഓടെയായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവരും ഇതരസംസ്ഥാനക്കാരുമുണ്ട്. അടിപ്പാതയുടെ രണ്ടാം ഘട്ടഭാഗത്ത് കോണ്‍ക്രീറ്റിങ്ങിനായി കെട്ടിയ കമ്പിക്കാലുകളിലേക്കാണ് ബസ് ഇടിച്ചുകയറിയത്. നിർമാണം നടക്കുന്നതിനാല്‍ ഇവിടെ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ താൽകാലിക ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതെല്ലാം തകര്‍ത്താണ് ബസ് ഇടിച്ചുകയറിയത്.ക്രമീകരണങ്ങള്‍ കാണാതെ മുന്നോട്ടു പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയെത്തി മുന്‍ഭാഗം പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും മുന്വരിയിലിരുന്നവരെയും പുറത്തെത്തിച്ചത്. ബസില്‍ തെറിച്ചുവീണും സീറ്റിലും കമ്പികളിലും തലയിടിച്ചുമാണ് മറ്റുള്ളവര്‍ക്ക് പരിക്ക്.നട്ടെല്ലിനു പരിക്കേല്‍ക്കുകയും കാലൊടിയുകയും ചെയ്ത ബസ് ഡ്രൈവര്‍ കൊല്ലം നീണ്ടൂര്‍ എടത്തറവീട്ടില്‍ ശ്രീരാജ് സുരേന്ദ്രന്(33),കണ്ടക്ടര്‍ തിരുവനന്തപുരം സുജിനാഭവനില് സുജിത്(38),കൊല്ലം മേച്ചേരി പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്(57),ബീഹാര്‍ സ്വദേശി മുഹമ്മദ് ബഷീര്‍(31), കാലടി ചേരാനല്ലൂര്‍ തൈക്കാത്ത് സിജിബാബു(42),തിരുവനന്തപുരം ആര്യാങ്കാവ് പാറവിള പുത്തന്‍വീട്ടില്‍ അജിത്കുമാര്‍(52),പാലക്കാട് ഹെഡ് ഓഫീസ് പോസ്റ്റല്‍ ക്വാര്‍ട്ടേഴ്സില്‍ അനൂപ്(40),ചേര്‍പ്പുളശ്ശേരി തറയില്‍വീട്ടില്‍ അരുണ്‍കുമാര്‍(36),കോയമ്പത്തൂര്‍ സ്വദേശിനികളായ ഉഷ(32), ശൈലജ(45) എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതില്‍ കൂടുതല്‍ പരിക്കുള്ള ശൈലജ ട്രോമോ ഐസിയുവിലാണ്, ഷിബിബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊല്ലം സ്വദേശി ടി. വിനോദ് കുമാറിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തകഴി സ്വദേശി അനന്തകൃഷ്ണന്(21),ആലപ്പുഴ സ്വദേശി അമല്‍രാജ്(25),ശ്രീലത(50),റോഷന്(22)ഉല്ലാസ്(26),ജെസി(56),ജോബി(42),ജൂഡ്(59),അരവിന്ദ്(57),ജയകൃഷ്ണന്(29),ഹരികൃഷ്ണന്(22)ഫൈസല്‍(21),മാത്യ(51),ജോര്‍ജ്(50),മുഹമ്മദ് ഫൈസല്‍(21),റിയാസ്(28),മേഴ്സി(55)എന്നിവർ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൂടുതല്‍ പേരും പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

