വാടക്കല്‍ കൊലപാതകം; വെളിച്ചം പകര്‍ന്നത് കെ.എസ്.ഇ.ബി
text_fieldsഅമ്പലപ്പുഴ: വൈദ്യുതാഘാതമാണ് ദിനേശ് മരിക്കാന്‍ കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായെങ്കിലും പ്രതികളിലേക്ക് വെളിച്ചം പകർന്നത് കെ.എസ്ഇ.ബിയുടെ തെളിവെടുപ്പ്. പുന്നപ്ര വടക്ക് പഞ്ചായത്ത് 15ാം വാർഡ് വാടക്കൽ കല്ലുപുരക്കൽ വീട്ടിൽ ദിനേശന്റെ (53) മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് പൊലീസിന് സഹായകരമാകും വിധത്തിലുള്ള അന്വേഷണമാണ് കെ.എസ്.ഇ.ബി വേഗത്തിൽ പൂർത്തിയാക്കിയത്. ദിനേശന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. വിവരം പൊലീസ് പുന്നപ്ര കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അറിയിച്ചു. തുടർന്ന് ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽനിന്ന് മൂന്നും, പുന്നപ്ര സെക്ഷൻ ഓഫിസിൽനിന്ന് അസി. എൻജിനീയർ ഉൾപ്പെട്ട നാലംഗ സംഘവുമടക്കം ഏഴുപേരുടെ നേതൃത്വത്തിൽ ദിനേശന്റെ അയൽവാസി കൂടിയായ പ്രതി കിരണിന്റെ (28)വീട്ടിൽ പരിശോധന നടത്തി.
അടക്കളയുടെ പിൻഭാഗത്തെ പറമ്പിൽ ഒരിഞ്ച് വീതിയിലുള്ള ഇരുമ്പിന്റെ പട്ട സംഘം കണ്ടെടുത്തു. L ആകൃതിയിൽ വെൽഡ് ചെയ്ത് കൂട്ടിയോജിപ്പിച്ച പട്ടയിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ചിരുന്നു. അടുക്കളയിലെ സോക്കറ്റിൽനിന്നാണ് ഇതിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. രാത്രി വീടിന്റെ പിന്നിലെത്തിയ ദിനേശന് ഷോക്ക് ഏൽക്കാനാണ് ഇങ്ങനെ ചെയ്തത്.
ഒരടിയോളം നീളമുള്ള ഇരുമ്പുപട്ടയിൽ നിന്ന് ഷോക്കേറ്റ് നിലത്തുവീണെന്നും കിരൺ പൊലീസിനോട് പറഞ്ഞിരുന്നു. ഈ സമയം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കാൻ മൂന്ന് ചെമ്പ് നൂൽക്കമ്പികൾ കൂട്ടി ഉപയോഗിച്ച് ഫ്യൂസ് കെട്ടിയിരുന്നതായും പരിശോധനയിൽ വ്യക്തമായി. ദിനേശൻ ഇരുമ്പുപട്ടയിൽനിന്ന് ഷോക്കേറ്റ് വീണപ്പോൾ ലൈറ്റുകൾ മങ്ങിയതായി കിരൺ പൊലീസിനോട് പറഞ്ഞു. ഈ സമയം അനക്കമുണ്ടായിരുന്നത് ദിനേശന്റെ മരണം ഉറപ്പാക്കാൻ കോയിൽ പോലെയുള്ള ഉപകരണം ദേഹത്ത് ഘടിപ്പിച്ച് വീണ്ടും വൈദ്യുതി പ്രവഹിപ്പിച്ചതായും പ്രതി മൊഴി നൽകി.
കിരണിന്റെ വീട്ടിലെ ഒരുമുറിയിലെ കട്ടിലിനു താഴെ ഏതു നിമിഷവും വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയുംവിധം വയർ സജ്ജീകരിച്ചിരുന്നു. കട്ടിലിന്റെ വശങ്ങളിൽ ആണി തറച്ചാണ് വയർ ഘടിപ്പിച്ചിരുന്നതെന്നും സംഘം കണ്ടെത്തി. ഇതിനു പുറമെ കിരണിന്റെ ഫ്രിഡ്ജ്, മോട്ടോർ എന്നിവയിലേക്ക് കെ.എസ്.ഇ.ബി മീറ്ററിന് സമീപത്തു നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതിയെടുത്തിരുന്നതായും തെളിഞ്ഞു. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ചൊവ്വാഴ്ച പരിശോധന നടത്തി വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.
കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടോ?
അമ്പലപ്പുഴ: വാടക്കലിൽ ഗൃഹനാഥനെ കൊന്നതിന് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. കൊല്ലപ്പെട്ട ദിനേശനില്‍നിന്ന് പെണ്‍സുഹൃത്തായ അശ്വമ്മ പണം വാങ്ങിയിരുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നുണ്ട്. ദിനേശന്റെ ഭാര്യ വിദേശത്തായിരുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ ബഹളം വെക്കുന്നതിനെ തുടര്‍ന്ന് മക്കള്‍ ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ ഭാര്യ ഉഷക്ക് വിദേശത്തുവെച്ച് രക്തസമ്മർദം കൂടിയതോടെ ശാരീരികമായി തളര്‍ന്നു. നാട്ടിലെത്തിയശേഷം ദിനേശനോടൊപ്പമായിരുന്നു താമസം.
എന്നും മദ്യപിച്ചെത്തി കുടുംബകലഹം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍നിന്ന് ഒഴിവാകാമെന്നും തനിക്ക് ഓഹരി നല്കിയാല് മതിയെന്നും ദിനേശന് പറഞ്ഞു. ദിനേശന്റെയും ഭാര്യ ഉഷയുടെയും പേരിൽവാങ്ങിയ സ്ഥലത്ത് നിന്ന് താമസം മാറുന്നതിനായി ഉഷയുടെ രക്ഷിതാക്കൾ പഞ്ചായത്ത് അംഗം രഞ്ജിത്തിന്റെ സാന്നിധ്യത്തിൽ നടത്തിയ മധ്യസ്ഥതയില്‍ ഒന്നര ലക്ഷം രൂപ നൽകാൻ ധാരണയായി. തുകയും വീട്ടുപകരണങ്ങളുമായി ദിനേശന് പിന്നീട് വാടകക്കായിരുന്നു താമസം.
ശേഷം വീട്ടുകാരുമായി അകന്നാണ് കഴിഞ്ഞിരുന്നെങ്കിലും അയല്‍വാസിയായ അശ്വമ്മയുമായി അടുത്തബന്ധം പുലര്‍ത്തി. അശ്വമ്മയുമായി സാമ്പത്തിക ഇടപാടുള്ളതായി ദിനേശൻ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.
സാമ്പത്തിക ഇടപാട് കൊലപാതകത്തിന് കാരണമായോ എന്നുള്ള തരത്തിലും പൊലീസ് അന്വേഷണം നടത്തിയേക്കും. വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാലാണ് പൊലീസിന് ഇടപെടാനാകാത്തത്. കൊലപാതകം നടന്ന ദിവസം സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾ നടന്നതിനാൽ പ്രദേശവാസികൾ അവിടെയായിരുന്നു. ഈ സമയമാണ് വീട്ടിൽ എത്തിയ ദിനേശനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

