ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാനിനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് മണ്ഡല കാര്യവാഹക് അറസ്റ്റിൽ. ചേർത്തല അരീപ്പറമ്പ് മണ്ഡല കാര്യവാഹ് കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ഇടത്തറ വീട്ടിൽ വിപിനെ (34) ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഷാൻ വധക്കേസിലെ പ്രധാന പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടാനും ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 18ന് രാത്രി 7.30ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിലാണ് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനിനെ (38) പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം കാറിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊന്നത്. ഇതിനുശേഷം നേരിട്ട് പങ്കാളികളായ പ്രതികളെ ആംബുലൻസിൽ കടക്കാൻ സഹായിക്കുകയും വാഹനത്തിനുമുന്നിൽ ബൈക്കിൽ വഴികാട്ടിയായി സഞ്ചരിച്ച് ചേർത്തല താലൂക്ക് ഓഫിസിലേക്ക് എത്തിച്ചത് അടക്കമുള്ള കാര്യങ്ങൾ നടത്തിയത് വിപിനാണെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ, ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 18 ആയി. ഗൂഢാലോചനയിൽ പങ്കാളികളായ രണ്ടുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.