കൃഷ്ണപിള്ള സ്മാരകത്തിന് വീണ്ടും തീപിടിക്കുന്നു
text_fieldsമുഹമ്മ കണ്ണർകാട് കമ്യൂണിസ്റ്റ്
ആചാര്യൻ പി. കൃഷ്ണപിള്ളയുടെ സ്മാരകം
ആലപ്പുഴ: കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക ആചാര്യൻ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവം തെരഞ്ഞെടുപ്പിൽ വീണ്ടും ചർച്ചയാകുന്നു. സ്മാരകം തകർത്ത രാത്രിയിൽ മന്ത്രി സജി ചെറിയാൻ സംഭവസ്ഥലത്ത് എത്തിയെന്ന മുൻമന്ത്രി ജി. സുധാകരൻ വെളിപ്പെടുത്തലാണ് പുതിയ ചർച്ചക്ക് വഴിതുറന്നത്. സംഭവത്തിൽ പ്രതിചേർക്കപ്പെട്ടവരല്ല യഥാർഥ പ്രതികളെന്നും അവർ പാർട്ടിയിൽ ഇപ്പോഴും സജീവമാണെന്നും സുധാകരൻ പറഞ്ഞു. സംഭവത്തിൽ പാർട്ടിതല അന്വേഷണം വേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞതായി സുധാകരന്റെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംശയമുന സജി ചെറിയാനിലേക്ക് നീട്ടി. തെരഞ്ഞെടുപ്പ് ഗോദയിൽ ഈ വെളിപ്പെടുത്തൽ സി.പി.എമ്മിൽ കോളിളക്കം സൃഷ്ടിക്കുകയാണ്.
എല്ലാവരും മറന്ന ആ തീവെപ്പ് കേസിന് പിന്നിൽ യഥാർഥ പ്രതികളല്ല പ്രതി ചേർക്കപ്പെട്ടതെന്ന സുധാകരന്റെ തുറന്നുപറച്ചിൽ സി.പി.എമ്മിന് കനത്ത ആഘാതമുണ്ടാകും. സജി ചെറിയാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും ഒരേ സംഭവത്തിന്റെ നൂലിൽ കോർത്തതോടെ അത് സി.പി.എമ്മിനും തലവേദനയായി. മുഹമ്മ കണ്ണർകാട്ടെ പി. കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ച് നശിപ്പിച്ച സംഭവം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച സംഭവമാണ്. 2013 ഒക്ടോബർ 31ന് പുലർച്ചെ 1.30 നാണ് സ്മാരകവും പ്രതിമയും തകർത്തത്. കമ്യുണിസ്റ്റ് സ്ഥാപകനായ കൃഷ്ണപിള്ള അവസാനനാളുകൾ ചെലവഴിച്ചത് ഇവിടെ ആയിരുന്നു. അവിടെ വെച്ചാണ് പാമ്പ് കടിയേറ്റ് മരിച്ചത്. അത് പിന്നീട് സി.പി.എം ഏറ്റെടുത്ത് സ്മാരകമാക്കി.
ആദ്യംകേസ് അന്വേഷിച്ചത് ലോക്കൽ പൊലീസാണ്. അതിനുശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സി.പി.എമ്മിലെ വിഭാഗീയതയാണ് പ്രതിമ തകർത്തതിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുൻ പേഴ്സനൽ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രൻ, മുൻലോക്കൽ സെക്രട്ടറി സാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി എല്ലാവരെയും വെറുതെവിട്ടു. പ്രതികളെ പുറത്താക്കിയെങ്കിലും ചിലരെ പിന്നീട് തിരിച്ചെടുത്തു.
കൃഷ്ണപിള്ള സ്മാരകം തകർക്കൽ: സജി ചെറിയാനെതിരെ ജി. സുധാകരൻ
- സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടി പദവിയിൽ
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്ത ദിവസം സജി ചെറിയാൻ രാത്രി രണ്ടരക്ക് എന്തിന് എത്തിയെന്ന് മുൻമന്ത്രി ജി. സുധാകരൻ. സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. അത് ആരാണ് ചെയ്തതെന്ന് തനിക്കറിയാം. എന്നാൽ, ആ വ്യക്തികളെക്കുറിച്ച് പറയില്ല. അത് തകർത്തവർ ഇപ്പോഴും പാർട്ടി പദവികളിലുണ്ട്. ജില്ല സെക്രട്ടേറിയറ്റ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് വേണ്ടെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. സജി ചെറിയാൻ എന്തിനാണ് എത്തിയതെന്ന് അറിയില്ല. അതേക്കുറിച്ച് ജില്ല സെക്രട്ടറിയോട് ചോദിക്കണം. ചെങ്ങന്നൂരിൽനിന്ന് എങ്ങനെ ഇത്ര പെട്ടെന്ന് സജിക്ക് എത്താനായി. സ്മാരകം തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തവരല്ല യഥാർഥ പ്രതികൾ. കുറേ സഖാക്കളുടെ പേരിൽ കേസെടുത്തു. എത്രയോ സംഭവങ്ങളാണ് നടന്നത്. പാർട്ടി അച്ചടക്കം താൻ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

