നിർമാണം പൂർത്തിയായിട്ട് ഏഴുമാസം വാഹനം കയറാതെ കൊമ്മാടി പാലം
text_fieldsrepresentational image
ആലപ്പുഴ: കൊമ്മാടി പാലം പണി പൂർത്തിയായിട്ട് ഏഴു മാസം കഴിഞ്ഞിട്ടും വാഹനങ്ങൾ എന്ന് ഓടിത്തുടങ്ങുമെന്ന് ആർക്കും അറിയില്ല. പാലത്തിനടുത്തുള്ള പെരുംകുഴിയിൽ വീണ് മരണം സംഭവിക്കുന്നതുവരെ കാര്യങ്ങളെത്തി.
പാലത്തിന്റെ കിഴക്കും പടിഞ്ഞാറും റോഡിന്റെ വശങ്ങളിൽ മെറ്റലിട്ട് നിരപ്പാക്കലാണ് ഇപ്പോൾ നടക്കുന്നത്. ഇത് രണ്ടാഴ്ചകൂടി നീളും. ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കാതെ പഴയ പാലം പൊളിച്ചതാണ് പുനർനിർമാണം ദുരിതമാകുന്നതിൽ കലാശിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് പാലം പണി പൂർത്തിയായത്. അനുബന്ധ റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയും ഓടയും കെട്ടാൻ സ്ഥലമെടുപ്പ് നടന്നില്ല. 18 മാസത്തെ കരാർ കാലാവധി കഴിഞ്ഞ മേയിൽ അവസാനിക്കുമ്പോഴും ഭൂമി ലഭ്യമായില്ല.
സെപ്റ്റംബർ 15ന് പാലം പൂർത്തിയാക്കുകയെന്ന ലക്ഷ്യം നടപ്പാകില്ലെന്ന് അതോടെ ഉറപ്പായി. മെറ്റൽ ലഭിച്ചാൽ രണ്ടാഴ്ചക്കകം അനുബന്ധ റോഡിൽ മെറ്റൽ നിരത്തും. തുടർന്ന് വാഹനങ്ങൾ അനുവദിക്കാനാണ് നീക്കം. ടാറിങ്ങിന് കാത്തുനിൽക്കാതെയാണിത്.
കൊമ്മാടി പാലം എന്നു തുറക്കുമെന്നു പറയാറായിട്ടില്ലെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറയുന്നു. അനുബന്ധ റോഡുകളുടെ പണി തീരാനുണ്ട്. ബുധനാഴ്ച രാത്രി ഓടയിൽ വീണ് കറുകയിൽ വാർഡ് കളരിക്കൽ പ്ലാക്കിൽ ജോയി മരിച്ചതുമൂലം പാലം പണി നടക്കുന്നില്ല. കിഴക്കു ഭാഗത്തെ റോഡിന്റെ ഓടയും പാലത്തിന്റെ ഭാഗത്തെ ഓടയുമായി ബന്ധിപ്പിക്കാൻ കുഴിച്ച കുഴിയിൽ വീണാണ് അപകടം. അവിടെ പണി നടക്കുന്നുണ്ടായിരുന്നു. റോഡ് അടച്ചതായി അടയാളം സ്ഥാപിച്ചിരുന്നു. അതുവഴി പോകരുതെന്നു ജോയിയോട് സ്ഥലത്തുണ്ടായിരുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ ജോലിക്കാർ പറഞ്ഞെങ്കിലും അത് അവഗണിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ടെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

