ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
text_fieldsചെല്ലപ്പന്‍പിള്ളയുടെ ശ്വാസകോശത്തില്‍ താക്കോല്‍ തറഞ്ഞനിലയില്
അമ്പലപ്പുഴ: വയോധികന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ ബ്രോങ്കോസ്കോപ്പി പരിശോധനയും ശസ്ത്രക്രിയയും നടത്തി പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാർ. ഹരിപ്പാട് ലക്ഷ്മി ഭവനത്തിൽ ചെല്ലപ്പൻപിള്ളയുടെ (77) ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോലാണ് രണ്ടുമണിക്കൂർ നീണ്ട ബ്രോങ്കോ സ്കോപ്പി വഴി പുറത്തെടുത്തത്.
ചൊവ്വാഴ്ച വീട്ടിൽ ബോധമറ്റു വീണ ചെല്ലപ്പൻ പിള്ളയെ വീട്ടുകാർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ എക്സ്-റേ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് താക്കോൽ ശ്വാസനാളത്തിൽ കുടുങ്ങിയത് കണ്ടെത്തിയത്. താക്കോൽ എങ്ങനെ ഉള്ളിൽപോയെന്ന് അറിയില്ലെന്ന് ചെല്ലപ്പൻ പിള്ള പറഞ്ഞു. പുറത്തെടുത്ത താക്കോൽ അടുത്ത ദിവസങ്ങളിൽ ഉള്ളിൽ പോയതല്ലെന്നും മാസങ്ങളുടെ പഴക്കമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
കാർഡിയോ വാസ്കുലർ സർജൻ ഡോ. ആനന്ദക്കുട്ടൻ, അനസ്തേഷ്യ വിഭാഗം പ്രഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എ. ഹരികുമാർ, കാര്ഡിയൊ വാസ്കുലര്‍ സര്ജന് എച്ച്.ഒ.ഡി ഡോ. ഷഫീഖ്, അനസ്തേഷ്യ വിഭാഗം പ്രഫസർ ഡോ. വിമൽ പ്രദീപ്, ജൂനിയർ റസിഡന്റ് ഡോ. ജോജി ജോർജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് താക്കോൽ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

