കേരള സർവകലാശാല കലോത്സവം സമാപിച്ചു; എട്ടാം തവണയും മാർ ഇവാനിയോസ്
text_fieldsകേരള സർവകലാശാല കലോത്സവത്തിൽ കിരീടം ചൂടിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ടീം ട്രോഫിയുമായി
അമ്പലപ്പുഴ: അഞ്ചുനാൾ കുഞ്ചന്റെ മണ്ണിൽ നടന്ന കേരള സർവകലാശാല കലോത്സവത്തിലൂടെ തുടർച്ചയായ എട്ടാം തവണയും കിരീടം സ്വന്തമാക്കി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്. കലാമാമാങ്കത്തിന്റെ തുടക്കം മുതൽ അവസാനംവരെ മുന്നേറ്റം നിലനിർത്തിയാണ് വിജയത്തിളക്കം.
273 പോയന്റ് നേടിയ മാർ ഇവാനിയോസിന് പിന്നിൽ 237 പോയന്റോടെ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് രണ്ടാമതെത്തി. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിനാണ് (191) മൂന്നാം സ്ഥാനം.
ആകെയുള്ള 123 മത്സര ഇനങ്ങളിൽ 117ലും മാർ ഇവാനിയോസിന്റെ പങ്കാളിത്തമുണ്ടായി. ഇതിൽ എല്ലാഗ്രൂപ് ഇനങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കാനും കഴിഞ്ഞു. കോൽക്കളിയിൽ മാത്രമാണ് സമ്മാനം ലഭിക്കാതിരുന്നത്.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ കെ.എസ്. സേതുലക്ഷ്മി 33 പോയന്റ് നേടിയാണ് കലാതിലകമായത്. മത്സരിച്ച ആറിനങ്ങളില്‍ ഒന്നാം സ്ഥാനവും ഒന്നില്‍ രണ്ടാമതുമെത്തി. കലാപ്രതിഭയായ മാർ ഇവാനിയോസ് കോളജിലെ നന്ദകിഷോറും 33 പോയന്റാണ് നേടിയത്.
മത്സരിച്ച ഏഴിനങ്ങളില്‍ ആറിലും ഒന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ നൈനിക മുരളി 35 പോയന്റ് നേടി ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കലാരത്ന പുരസ്കാരം കരസ്ഥമാക്കി. ഏഴിനങ്ങളിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു.
സാഹിത്യവിഭാഗം ചാമ്പ്യനുള്ള പ്രഫ. സുകുമാർ അഴീക്കോട് മെമ്മോറിയൽ ട്രോഫി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് നേടി. നാടൻപാട്ട് വിഭാഗം ജേതാക്കൾക്കുള്ള കലാഭവൻ മെമ്മോറിയിൽ എവറോളിങ് ട്രോഫി അഞ്ച് കോളജുകൾ അർഹരായി.
തിരുവനന്തപുരം ഗവ. വനിത കോളജ്, എസ്.എൻ കൊല്ലം, മാർ ഇവാനിയോസ്, സ്വാതി തിരുനാൾ സംഗീത കോളജ്, എം.ജി കോളജ് എന്നിവരാണ് ജേതാക്കൾ.
സമാപനസമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല യൂനിയൻ ചെയർമാൻ എ. വിഷ്ണു അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, എം.എസ്. അരുണ്‍കുമാര്‍, തോമസ് കെ. തോമസ്, കലക്ടർ ഹരിത വി. കുമാർ, കേരള സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി എം. നസീം, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, ബി.പി. മുരളി, എസ്. സന്ദീപ് ലാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

