നഷ്ടപ്പെട്ടെന്നുകരുതിയ ഓണസമ്മാനം രണ്ടുവർഷത്തിനുശേഷം കണ്ടെത്തി കേരള പൊലീസ്
text_fieldsകായംകുളം: കൈവിട്ടുപോയെന്ന് കരുതിയ ഓണസമ്മാനം രണ്ടുവർഷത്തിനുശേഷം കണ്ടെത്തി ഉടമക്ക് കൈമാറി കേരള പൊലീസിന്റെ ഇടപെടൽ. പുതിയവിള സ്വദേശിനി സിനിയുടെ നഷ്ടപ്പെട്ട ഫോണാണ് പൊലീസിന്റെ നിരന്തര പരിശ്രമത്തിനൊടുവിൽ ബിഹാറിൽനിന്ന് വീണ്ടെടുത്തത്. കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തനായ താരം അനു കെ. അനിയൻ മാതാവായ സിനിക്ക് പിറന്നാൾ സമ്മാനമായി നൽകിയ വിലപിടിപ്പുള്ള ഫോൺ വടക്കൻ കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടയിലാണ് നഷ്ടപ്പെട്ടത്.
സിനിയുടെ സുപ്രധാന കോൺടാക്ടുകളും നിരവധി ഓർമച്ചിത്രങ്ങളും അടങ്ങിയ ഫോൺ നഷ്ടമായത് ഏറെ സങ്കടത്തിനിടയാക്കി. ഉത്സവസ്ഥലത്തെ ബലൂൺ കച്ചവടക്കാരനായിരുന്ന ബിഹാർ സ്വദേശി രഞ്ജൻ കുമാറിന്റെ കൈവശമാണ് ഫോൺ കിട്ടിയത്. പൊലീസിൽ പരാതി നൽകിയപ്പോഴേക്കും ഇയാൾ ബിഹാറിലേക്ക് കടന്നിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനാൽ പ്രതീക്ഷ കൈവിട്ട് സിനി പുതിയ ഫോൺ വാങ്ങി. പഴയ ഫോൺ സങ്കടമായി അവശേഷിച്ചു. അന്വേഷണം ഉപേക്ഷിക്കാൻ ചുമതലക്കാരനായ കനകക്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാഹുൽ ആർ. കുറുപ്പ് തയാറായിരുന്നില്ല. സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്ററിൽ ഫോൺ രജിസ്റ്റർ ചെയ്തത് വഴിത്തിരിവായി. രണ്ടുവർഷത്തിനുശേഷം പാറ്റ്ന പരിധിയിൽ ഫോൺ പ്രവർത്തിച്ചുതുടങ്ങിയതിന്റെ അലർട്ടും കൃത്യമായ ലൊക്കേഷനും പൊലീസിന് ലഭിച്ചു.
വിവരം പാറ്റ്ന പൊലീസിന് കൈമാറി. ഇവരുടെ നിരന്തര ഇടപെടലിൽ രന്ത്ജൻ വലയിലായി. ഗത്യന്തരമില്ലെന്ന് കണ്ടതോടെ ബീഹാറിൽനിന്ന് കനകക്കുന്ന് സ്റ്റേഷനിലെത്തി ഫോൺ നൽകാൻ നിർബന്ധിതനായി. ഫോൺ കിട്ടി, സ്റ്റേഷനിലേക്ക് വരണമെന്ന് പൊലീസിന്റെ ഫോൺ കാൾ ഒരാഴ്ച മുമ്പ് എത്തിയപ്പോൾ കുടുംബത്തിന് വിശ്വസിക്കാനായില്ലെന്ന് അനു കെ. അനിയൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
പൊലീസിൽനിന്നുണ്ടായ മികച്ച അനുഭവം പങ്കുവെച്ചുള്ള കുറിപ്പ് സമൂഹമാധ്യമത്തിൽ തരംഗമായി. കനകക്കുന്ന് പൊലീസിന്റെ പ്രശംസനീയ മാതൃകക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

