സംസ്ഥാന ബജറ്റ്; ജില്ലയിൽ നടപ്പാകാതെ കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങൾ
text_fields
ആലപ്പുഴ: കഴിഞ്ഞ വർഷത്തെ ബജറ്റിൽ കുട്ടനാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രഖ്യാപിച്ച 100 കോടിയിലായിരുന്നു ജില്ലയുടെ പ്രതീക്ഷ. പ്രഖ്യാപനത്തിനപ്പുറം ഒന്നുമുണ്ടായില്ല എന്നാണ് വ്യക്തമാകുന്നത്.
നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഈ തുക പാടശേഖരങ്ങളിലെ പുറംബണ്ട് നിർമാണത്തിന് ഉപയോഗിക്കുമെന്നാണ് പറഞ്ഞത്. കയർ മേഖലയുടെ വികസനത്തിനുള്ള പദ്ധതികളുടെ പ്രയോജനം ജില്ലക്കും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ രണ്ട് കാര്യത്തിലും ജില്ലക്ക് ഗുണമുണ്ടായില്ല.
കുട്ടനാടിനായി പ്രഖ്യാപിച്ച 100 കോടിയിൽ ജില്ലയിൽ 43.17 കോടിയുടെ 32 പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഈ 32 പ്രവൃത്തികൾക്കും ബജറ്റിന് മുമ്പുതന്നെ തുടക്കം കുറിച്ചിരുന്നു. അതിനാൽ അത് ബജറ്റ് പ്രഖ്യാപനം കൊണ്ടുണ്ടായ നേട്ടമെന്ന് പറയാനാകില്ല. കഴിഞ്ഞ മാർച്ചിന് മുമ്പുതന്നെ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഒരുവർഷം ആയിട്ടും ഇപ്പോഴും ഭൂരിഭാഗം പ്രവൃത്തികളുടെയും ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കാൻ ഇറിഗേഷൻ വകുപ്പിനായിട്ടില്ല. ആലപ്പുഴക്ക് ഭരണാനുമതി നൽകിയ 43.17 കോടി കഴിച്ച് ബാക്കിയുള്ള തുക കുട്ടനാടിന്റെ ഭാഗമായ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ചെലവഴിക്കുകയെന്നും പറഞ്ഞിരുന്നു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാനെന്ന പേരിൽ തോട്ടപ്പളിയിൽനിന്നും മണൽ ഖനനം മാത്രമാണ് ഊജിതമായി നടന്നത്. കയറിന്റെയും കയർ ഉൽപന്നങ്ങളുടെയും വിലസ്ഥിരത ഉറപ്പുവരുത്താൻ 38 കോടി രൂപ നീക്കിവെച്ചതായി പ്രഖ്യാപിച്ചിരുന്നു. കയറിനു വിപണി വില ഉറപ്പാക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.
പരമ്പരാഗത തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകാനുള്ള പദ്ധതിക്കു ബജറ്റിൽ 90 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽനിന്നും കയർ മേഖലക്ക് ആനുപാതികമായ തുക ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.
കയർ മേഖലക്ക് ആശ്വാസമൊന്നും ഉണ്ടായില്ല എന്നാണ് ഈ മേഖലയിലെ ഭരണപക്ഷ യൂണിനുകൾപോലും പറയുന്നത്. ഇത് മുൻ നിർത്തി സമരത്തിനൊരുങ്ങുകയാണ് കയർ തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

