നാൾ കുറിച്ചു; ഇനി അങ്കം
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് നാൾ കുറിച്ചതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് ആരവമായി. ഇനി കളത്തിലിറങ്ങിയുള്ള പോരാട്ടം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എൽ.ഡി.എഫാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിനൊപ്പം രാഷ്ട്രീയപോരാട്ടം നടക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാമിന്റെയും ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജന്റെയും റോഡ്ഷോയും നടന്നു.
20 വർഷമായി എട്ട് നിയമസഭ മണ്ഡലങ്ങളിൽ ഏഴും എൽ.ഡി.എഫിനൊപ്പമാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ആത്മവിശ്വാസമാണ് യു.ഡി.എഫിന്റെ കരുത്ത്. എൻ.ഡി.എയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ബി.ഡി.ജെ.എസിന് വേണ്ടി തുഷാർ വെള്ളാപ്പള്ളി, അമ്പലപ്പുഴയിൽ സന്ദീപ് വാചസ്പതി എന്നിവരുടെ പേരുകളാണ് പരിഗണയിലുള്ളത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മാവേലിക്കര മണ്ഡലം മാത്രമാണ് എൽ.എഡി.ഫിന് നേടാനായത്. ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ ഭാഗമായ ആലപ്പുഴ, അമ്പലപ്പുഴ, അരൂർ, ചേർത്തല, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലും മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ചെങ്ങന്നൂർ, കുട്ടനാട് മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് ലീഡ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ അരൂർ, ഹരിപ്പാട് മണ്ഡലങ്ങളിൽ യു.ഡി.എഫും ചെങ്ങന്നൂർ, കുട്ടനാട് മണ്ഡലങ്ങളിൽ എൽ.ഡി.എഫും മുന്നിട്ടുനിൽക്കുന്നു.
രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസമാണുളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 10,000ലേറെ വോട്ടു ലഭിച്ചത് മാവേലിക്കര, ചേർത്തല മണ്ഡലങ്ങളിൽ മാത്രമാണെന്നത് യു.ഡി.എഫിന് പ്രതീക്ഷയേകുന്നു. അമ്പലപ്പുഴയിൽ ജി. സുധാകരന്റെ വരവോടെ ജില്ലയിൽ അഞ്ച് സീറ്റുകൾ നേടുകയെന്നതാണ് യു.ഡി.എഫ് ലക്ഷ്യം. 2011ൽ 72 സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ ജില്ലയിൽനിന്ന് രണ്ട് സീറ്റാണ് ലഭിച്ചത്. പീന്നീടത് ഒന്നായി കുറഞ്ഞു.
വോട്ടർമാർ കുറഞ്ഞു; ആശങ്കയിൽ മുന്നണികൾ
ആലപ്പുഴ: ജില്ലയിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെ മുന്നണികളെ ചെറുതായൊന്നുമല്ല ആശങ്കയിലാക്കുന്നത്. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം കഴിഞ്ഞതോടെ മുൻ തെരഞ്ഞെടുപ്പുകളിലേതിനേക്കാൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായത്. 2021 നിയമസഭ, 2024 ലോക്സഭ, 2025 തദ്ദേശം തെരഞ്ഞെടുപ്പുകളെക്കാൾ കുറവാണ്. 2021ൽ നിയമസഭ തെരരഞ്ഞെടുപ്പിൽ 17.82 ലക്ഷമായിരുന്നു. 2024 ലോക്സഭയിൽ അത് 17.53 ലക്ഷമായി. 2025 തദ്ദേശത്തിൽ 18.02 ലക്ഷമായിരുന്നു. എസ്.ഐ.ആർ കരട് പട്ടിക വന്നപ്പോൾ അത് 16.70 ലക്ഷമായി കുറഞ്ഞു.
അരൂർ, ചേർത്തല, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കായകുളം മണ്ഡലങ്ങളിലാണ് വോട്ടർമാർ രണ്ടുലക്ഷത്തിൽ താഴെപ്പോയത്. അന്തിമ പട്ടിക വന്നപ്പോൾ ചേർത്തല, കായംകുളം മണ്ഡലങ്ങൾ രണ്ടുലക്ഷത്തിന് മുകളിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

