ദേശീയ പാതയിൽ അപകട കുഴികൾ; കുഴിമന്തി സമരവുമായി യൂത്ത് കോൺഗ്രസ്
text_fieldsകായംകുളം: ദേശീയ പാതയിലെ അപകട ഗർത്തങ്ങളിൽ വീഴാതെ മറുകര പിടിക്കുന്നവർക്ക് കുഴി മന്തി നൽകിയ യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. ഉച്ച സമയത്ത് നടത്തിയ സമരം നിരവധി ദീർഘദൂര യാത്രികർക്ക് ആശ്വാസമായി. കുഴികളിൽ വീണു വശംകെട്ട കെ.എസ്.ആർ.ടി.സി യാത്രികർക്കും കുഴിമന്തി ആശ്വാസമായി.
രാമപുരം മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്താണ് അപകട ഭീഷണി ഉയർത്തി കുഴികൾ പെരുകുന്നത്. അപകടങ്ങൾ പതിവായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാകുകയാണ്. നേരത്തെ വേറിട്ട രീതിയിൽ നിരവധി സമരങ്ങൾ നടത്തിയിട്ടും പരിഹാരമാകാതായതോടെയാണ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ സമര മുറ പുറത്തെടുത്തത്. ചെറിയ കുഴികൾ കോൺക്രീറ്റ് ചെയ്തും വലിയ കുഴികളിൽ മൽസ്യ കൃഷി ഇറക്കിയുമാണ് നേരത്തെ പ്രതിഷേധിച്ചത്. നിരവധി അപകടങ്ങളും മരണവും സംഭവിച്ചിട്ടും ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് കുഴുമന്തി സമരം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം നൗഫൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് സൽമാൻ പൊന്നേറ്റിൽ, സംസ്ഥാന സെക്രട്ടറി അരിതാ ബാബു, ജില്ല സെക്രട്ടറി അസീം നാസർ, സജീദ് ഷാജഹാൻ, ഷാനവാസ്,ഷമീം ചീരാമത്ത്, രാകേഷ് പുത്തൻവീടൻ , ഹാഷിം സേട്ട്,സഹീർ,രാജേന്ദ്ര കുറുപ്പ്,അസ്‌ലം,നൗഫൽ, ഇർഫാൻ, അദിനാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

