'ന്നാ താൻ കേസ് കൊട്’; കെട്ടിട നമ്പറിന് കയറിയിറങ്ങുന്നയാളോട് നഗരസഭ സെക്രട്ടറിയുടെ മറുപടി
text_fieldsകായംകുളം നഗരസഭക്ക്
മുന്നിൽ മുജീബ് നടത്തുന്ന സമരം
കായംകുളം: കെട്ടിട നമ്പറിന് അപേക്ഷ നൽകിയ യുവാവിനോട് ‘ന്നാ താൻ കേസ് കൊട്’ എന്ന് നഗരസഭ സെക്രട്ടറിയുടെ മറുപടി. എട്ട് മാസമായി നഗരസഭയിൽ കയിറയിറങ്ങിയിട്ടും നടപടിയില്ലാതായതോടെ കെട്ടിട നമ്പരിനായി നഗരസഭക്ക് മുന്നിൽ സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ് 37 ാം വാർഡിൽ പുളിമൂട്ടിൽ ജനത സിയാദ്.
പ്രവാസിയായിരുന്ന സമയത്ത് വീടിന് മുകളിൽ ഒരു നില കൂടി നിർമിക്കാൻ സുഹൃത്തിന് കരാർ നൽകിയതാണ് ഇദ്ദേഹത്തിന് ബാധ്യതയായി മാറിയത്. അനുമതി വാങ്ങാതെ കെട്ടിടം നിർമിക്കുകയായിരുന്നു. കടബാധ്യതകളിൽ നിന്നും രക്ഷപ്പെടാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോഴാണ് കൂട്ടിച്ചേർത്ത ഭാഗത്തിന് നമ്പറില്ലെന്ന് മനസിലായത്.
കോവിഡ് കാലത്ത് അവധിക്ക് നാട്ടിലെത്തിയ സിയാദിന് പിന്നീട് മടങ്ങാനായില്ല. ഓരോ വട്ടവും പുതിയ സാങ്കേതികത്വം പറഞ്ഞ് മടക്കുകയായിരുന്നുവെന്നാണ് സിയാദ് പറയുന്നത്. ഓൺലൈനിൽ മൂന്നുതവണ നൽകിയ അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് സെക്രട്ടറിക്ക് നേരിട്ട് നൽകി. നിർമാണത്തിൽ സംഭവിച്ച വീഴ്ചകൾ ഓരോന്നായി പരിഹരിക്കുമ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ പോരായ്മകൾ ചൂണ്ടിക്കാട്ടുകയാണെന്ന് അപേക്ഷകൻ പറയുന്നു.
സാങ്കേതിക നൂലാമാലാകൾ ഒഴിവാക്കി തരണമെന്ന ആവശ്യവുമായി സെക്രട്ടറിക്ക് മുന്നിൽ എത്തിയപ്പോഴാണ് ‘ന്നാ താൻ കേസ് കൊട്’ എന്ന സമീപനം സ്വീകരിച്ചെതന്ന് മുജീബ് പറയുന്നു.
ഇതോടെയാണ് ആദ്യം എൻജിനിയറിംഗ് ഓഫീസിന് മുന്നിലും ഇപ്പോൾ കവാടത്തിന് മുന്നിലുമായി സത്യഗ്രഹ സമരം തുടങ്ങിയത്. പരിഹാരമാകുന്നതുവരെ സമരം തുടരുമെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ അനുമതിയില്ലാത്ത കെട്ടിട നിർമാണത്തിൽ നിരവധി ചട്ടലംഘനങ്ങളാണ് സംഭവിച്ചതെന്ന് സെക്രട്ടറി പറഞ്ഞു. വഴി ദൂരം അടക്കം പാലിക്കുന്നതിൽ വീഴ്ച വരുത്തി. നഗരസഭയിൽ സമർപ്പിച്ച പ്ലാനിലും അപാകതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.