ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിൽ
text_fieldsശ്യാംജിത്ത്, സരിത, അൻവർ ഷാ
കായംകുളം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം പിടിയിൽ. കൃഷ്ണപുരം മാരൂർത്തറ പടീറ്റതിൽനിന്ന് പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ അൻവർഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയിൽ ശ്യാംജിത്ത് (31) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
കാപ്പിൽ കിഴക്ക് 1657ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരുമന്ദിരത്തിന്റെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് നടപടി. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നുപേർ മോഷണം നടത്തുന്ന സി.സി ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്.
അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്തിനെതിരെ ആലപ്പുഴ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകൾ നിലവിലുണ്ട്. ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, നിഷാദ്, അഖിൽ മുരളി, അരുൺ, വിഷ്ണു, സോനു ജിത്ത്, ഗോപകുമാർ, ഷിബു, അമീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

