നഗരസഭയിലെ സ്വർണം കട്ടതാരപ്പാ...
text_fieldsകായംകുളം: സ്വർണം ‘കട്ടതാരപ്പ’ എന്ന പാട്ട് കായംകുളത്തും പുതിയ ട്രെൻഡാകുമോയെന്നാണ് അറിയേണ്ടത്. രണ്ടുവർഷം മുമ്പ് നഗരസഭ ചെയർപേഴ്സൻ സൂപ്രണ്ടിന് കൈമാറിയെന്ന് പറയുന്ന ആഭരണം കാണാതായതാണ് ഇപ്പോൾ ഇവിടത്തെ പ്രശ്നം. നഗര കാര്യാലയത്തിന്‍റെ മുക്കും മൂലയിലും മോതിരം തപ്പുകയാണ് സ്ഥാനമൊഴിയുന്ന കൗൺസിലർമാർ. വിവാദങ്ങൾ കൂടപ്പിറപ്പായ ഭരണസമിതിയുടെ കാലാവധി ഒരുദിനം മാത്രം അവശേഷിക്കെ സ്വർണം തിരികെ നൽകി മാനം രക്ഷിക്കാനാണ് കൗൺസിലർമാരുടെ ശ്രമം.
മാലിന്യക്കൂമ്പാരത്തിനിടയിൽനിന്ന് ഹരിതകർമ സേന കണ്ടെടുത്ത മോതിരം നഗരസഭയിൽ എത്തിയതിന് വരെ തെളിവുണ്ട്. ഹരിതകർമ സേന അംഗങ്ങളായ രാജി, ശ്രീവിദ്യ എന്നിവർക്ക് രണ്ടുവർഷം മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽനിന്ന് മോതിരം കിട്ടിയത് മുതലാണ് കഥയുടെ തുടക്കം. 2023 ഡിസംബർ 23നാണ് സംഭവം. അന്നുതന്നെ നഗരസഭ കാര്യാലയത്തിൽ എത്തിയ ഇവർ ഹെൽത്ത് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ മോതിരം ചെയർപേഴ്സന് കൈമാറി. രാജിയുടെ ഭർത്താവും സാക്ഷിയായിരുന്നു.
ഏവരും മറന്നുവെന്ന് കരുതിയ സംഭവം ഭരണസമിതി ചുമതല ഒഴിയുന്ന സമയത്ത് വീണ്ടും ചർച്ചയായതോടെയാണ് ചിലർക്ക് പുലിവാലായത്. വിടവാങ്ങലിന്‍റെ വികാരഭരിത രംഗങ്ങൾക്കിടെ മോതിരത്തിന്‍റെ ഉടമയെ കണ്ടെത്തിയോയെന്ന ചോദ്യം ‘ഇടിമുഴക്ക’മായി നഗരസഭയിൽ മാറിയത്രെ. താനൊന്നും അറിഞ്ഞില്ലെന്നും കണ്ടില്ലെന്നും കാട്ടി സെക്രട്ടറി ആദ്യമെ കൈമലർത്തി.
ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ അന്നുതന്നെ സൂപ്രണ്ടിന് കൈമാറിയെന്ന് രേഖകളുടെ പിൻബലത്തിൽ ചെയർപേഴ്സൻ മറുപടിയിട്ടത് ഉദ്യോഗസ്ഥവൃന്ദത്തിനേറ്റ അടിയായി. എന്നാൽ, താൻ ഇത് ഏറ്റുവാങ്ങിയിട്ടില്ലെന്ന മറുപടിയുമായി സൂപ്രണ്ട് രംഗത്ത് വന്നതോടെ സംഗതി വീണ്ടും കുഴഞ്ഞുമറിഞ്ഞു. ഇതോടെ മറന്നതാകാമെന്നും ഒന്നു കൂടി തിരഞ്ഞാൽ കിട്ടുമെന്നും അന്നത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാൽ കാര്യം വ്യക്തമാകുമെല്ലോയെന്നുമുള്ള അഭിപ്രായം ഉയർന്നുവെങ്കിലും അത് ആരും കേട്ടതായി നടിക്കുന്നില്ലത്രെ.
ഇന്നൊരു ദിവസം കൂടി നല്ലതുപോലെ നോക്കിയാൽ മോതിരം കിട്ടുമെന്ന് വൈസ് ചെയർമാൻ നിർദേശിച്ചെങ്കിലും സൂപ്രണ്ട് വരാതിരുന്നതിനാൽ തിരച്ചിൽ നടന്നില്ലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

