മുഖ്യമന്ത്രിക്ക് എതിരെ ഡി.വൈ.എഫ്.െഎ നേതാവിന്‍റെ പരോക്ഷ വിമർശനം വിവാദമാകുന്നു
text_fieldsകായംകുളം: അയ്യൻകാളി ദിനാചരണ സന്ദേശം നൽകാതിരുന്ന മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച ഡി.വൈ.എഫ്.െഎ നേതാവിന്‍റെ നടപടി സി.പി.എമ്മിനെ വെട്ടിലാക്കി. ഡി.വൈ.എഫ്.െഎ കറ്റാനം മേഖല സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. സുജിത്തിെൻറ സാമൂഹിക മാധ്യമ ഇടപെടലുകളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ചതയ ദിനാശംസകളുമായി സാമൂഹിക മാധ്യമത്തിലിട്ട സന്ദേശത്തിന് ചുവടെയാണ് വിമർശനമുന്നയിച്ചത്.
'അവിട്ടം ദിനം മറന്നവർ ചതയ ദിനം കൃത്യമായി ഒാർക്കുന്നു' എന്നതായിരുന്നു വിമർശനം. ഇതേ വാചകങ്ങളടങ്ങിയ വിമർശനം സ്വന്തം മുഖപുസ്തകത്തിലും പങ്കുവെച്ചിരുന്നു. വിഷയത്തിെൻറ ഗൗരവം നേതാക്കൾ അറിയിച്ചതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും സംഭവം പാർട്ടിക്കുള്ളിൽ ഗൗരവമായ ചർച്ചകൾക്കാണ് വഴിതുറന്നത്. സാമൂഹിക മാധ്യമ ഇടപെടലുകളുമായി ബന്ധപ്പെട്ട പാർട്ടി നിർദ്ദേശങ്ങളുടെ ലംഘനം ഗൗരവത്തോടെയാണ് നേതൃത്വം കണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ഏരിയ സെക്രട്ടറിയുടെ സാനിധ്യത്തിൽ കൂടിയ അടിയന്തിര ലോക്കൽ കമ്മിറ്റിയിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുകയാണ്.
അതേസമയം സ്വത്വവാദം ഉയർത്തുന്നതിന് പിന്നിൽ മറ്റ് ചില കാരണങ്ങളാണെന്നാണ് സൂചന. 2013 ൽ സുജിത്തിനെയും സുഹൃത്തിനെയും ആർ.എസ്.എസ് സംഘം അക്രമിച്ചിരുന്നു. ത്രിശൂലം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് ആലപ്പുഴ സെഷൻസ് കോടതിയിൽ വിചാരണയിലാണ്. കഴിഞ്ഞാഴ്ച നടന്ന വിചാരണയിൽ പ്രതികൾക്ക് അനുകൂലമായി ഒന്നാം സാക്ഷിയായ സുജിത്ത് െമാഴി നൽകിയത് സംബന്ധിച്ച വിവാദം പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. പാർട്ടി അറിയാതെയുള്ള കൂറുമാറ്റത്തിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമാണ് സജീവമായിരിക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുന്നതിനിടെ സ്വത്വവാദമുയർത്തിയത് ശ്രദ്ധ തിരിക്കാനാണെന്നാണ് സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

