കാലത്തിനൊപ്പം മങ്ങാരം മാറിയിട്ടും മാറ്റമില്ലാതെ മജീദ് പഴയ മാടവുമായി ഇപ്പോഴും ഇവിടെയുണ്ട്
text_fieldsമങ്ങാരത്തെ പഴമ നിറഞ്ഞ മജീദിന്റെ മാടക്കട
കായംകുളം: ഇലിപ്പക്കുളം ഗ്രാമത്തിലെ പ്രധാന ജങ്ഷനുകളിലൊന്നായ മങ്ങാരം ഒരുപാട് മാറിയിരിക്കുന്നു. കൂറ്റൻ കെട്ടിടങ്ങൾ. ഓഡിറ്റോറിയം, ബേക്കറി, ഹോട്ടൽ, ഫാൻസി സ്റ്റോർ, മൊബൈൽ ഷോപ്പ്, മെഡിക്കൽ സ്റ്റോർ, ഹാർഡ്വേഴ്സ്, ഇൻറർനെറ്റ് കഫേ, പച്ചക്കറി-പലചരക്ക് കടകൾ, കാർഷിക ഉൽപ്പന്ന ഷോറൂം, ബിരിയാണി കട, ടെക്സ്റ്റൈൽസ്, ബ്യൂട്ടി പാർലർ, പൊടിമിൽ, തടിമിൽ, ഓട്ടോ സ്റ്റാൻഡ്, വെയിറ്റിങ് ഷെഡ്, തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ, തുടങ്ങി എന്തും കിട്ടുന്ന ടൗണായി നാട് വികസിച്ചു. എന്നാൽ മലബാർ വിപ്ലവ പോരാളിയായിരുന്ന വീരാൻ ഹാജിയുടെ മകനായ ഇലിപ്പക്കുളം കുഴുവേലിത്തറയിൽ അബ്ദുൽ മജീദിന്‍റെ (76) മാടക്കടക്ക് മാത്രം ഒരു മാറ്റവുമില്ല. നാട് ടൗൺഷിപ്പായി വികസിച്ചിട്ടും അര നൂറ്റാണ്ട് മുമ്പുള്ള പഴയ മാടക്കടയുമായി മാറ്റങ്ങളില്ലാതെ 'മജീദ് കാക്ക' ഇപ്പോഴും ഇവിടെ തന്നെയുണ്ട്.
1968 ൽ തുടങ്ങിയ മാടക്കട അതേ പഴമയോടെ വിളക്കുവെട്ടത്തിൽ തന്നെ തുടരുന്നത് നാടിന്റെ തനത് കാഴ്ചകളിലൊന്നാകുകയാണ്. ഓലമേഞ്ഞ മേൽക്കൂര ടിൻഷീറ്റായത് മാത്രമാണ് ഇക്കാലത്തിനിടെയിലെ ആകെ മാറ്റം. ചെമ്മൺപാതകളും ഇരുവശവും കൈതക്കാടുകളും നിറഞ്ഞൊരു കാലത്ത് 22 ാം വയസിൽ മങ്ങാരം ജങ്ഷനിലാണ് കട തുടങ്ങുന്നത്. ഇതിനിടെ സഹോദരൻ അബ്ദുൽ ഖാദറിനെ കട ഏൽപ്പിച്ച് മദ്രാസ് യാത്ര നടത്തിയിരുന്നു. തിരികെ വരുേമ്പാഴേക്കും കട മറ്റൊരാൾക്ക് കൈമാറപ്പെട്ടു. ഇതോടെയാണ് ബിഷാറത്തുൽ ഇസ്ലാം മദ്റസയും എൽ.പി സ്കൂളിെൻറയും മുൻവശത്ത് പുതിയ കട സ്ഥാപിക്കുന്നത്.
സമീപത്തുള്ള മങ്ങാരം ക്ഷേത്രം അക്കാലത്ത് ആരാധനകളില്ലാതെ കാടുമൂടി കിടപ്പായിരുന്നു. ക്ഷേത്ര മൈതാനത്ത് നാടൻ പന്തുകളിയും കല്ലുവട്ടുരുട്ടലുമായി ആരവം നിറഞ്ഞ കാലമായിരുന്നു അത്. കബഡി^കിളിത്തട്ടു കളിക്കാരും സജീവമായിരുന്നു. കളിക്കാർക്ക് തുകൽ പന്ത് വാടകക്ക് നൽകുന്നതായിരുന്നു മജീദിന്റെ പ്രധാന വരുമാനം. ഒരു കളിക്കാരെൻറ വിഹിതമായിരുന്നു വാടക. പരമാവധി അഞ്ച് രൂപ വരെ ലഭിക്കുമായിരുന്നു. കടയിൽ തമ്പടിക്കുന്നവരുടെ നേരംകൊല്ലിയായി ബോർഡിൽ കളംവരച്ചുള്ള 28 നായും പുലിയും കളിയും പ്രശസ്തമായിരുന്നു. പുതിയ തലമുറയുടെ അഭിരുചികൾ മാറിയതോടെ ഇത്തരം കളികളും ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷമായി. കൂടാതെ സൈക്കിളുകളും വാടകക്ക് നൽകിയിരുന്നു. മണിക്കൂറിന് 25 പൈസയിൽ തുടങ്ങി ഒരു രൂപ വരെ വാടക ലഭിച്ചിരുന്ന കാലം വരെ അതും തുടർന്നു. കുട്ടി സൈക്കിൾ അടക്കം എട്ട് എണ്ണം വരെയുണ്ടായിരുന്നു.
ഇവിടുത്തെ തെറുപ്പുബീഡിക്കും ഏറെ ഡിമാൻഡുണ്ടായിരുന്നു. നാല് പേരാണ് ബീഡിതെറുക്കാൻ എത്തിയിരുന്നത്. തെറുപ്പുകാർ അന്യം നിന്നതോടെ കവർ ബീഡി സ്ഥാനം പിടിക്കുകയായിരുന്നു. വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവരുന്ന പലഹാരങ്ങളും പ്രത്യേകതയായിരുനനു.. വീട്ടുപുരയിടത്തിലെ കൃഷിയിടത്തിലെ അധ്വാന വിളവുകളും കടയിലൂടെയാണ് വിറ്റിരുന്നത്. ഇതിന് സമീപത്തായി ചായക്കടയും പലചരക്ക് കടയുമൊക്കെ ഇടക്ക് വന്നെങ്കിലും അധികം താമസിയാതെ അവയൊക്കെ പൂട്ടി.
ഒാലേമഞ്ഞ മുൻവശത്തെ ചായ്പായിരുന്നു കടയുടെ മറ്റൊരു പ്രത്യേകത. ഇതുയർത്തണമെങ്കിൽ മൂന്നാളുവേണമായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ ഉയർത്തുന്ന പ്രയാസമോർത്ത് 10 വർഷം മുമ്പ് ചായ്പ് ഒഴിവാക്കി. ഒരു കാലത്തെ സംവാദ കേന്ദ്രമായും കട നിറഞ്ഞുനിന്നിരുന്നു. മതവും രാഷ്ട്രീയവും സംസ്കാരിക വിഷയങ്ങളെല്ലാം ഇവിടുത്തെ ചർച്ചയിൽ ഇടംപിടിക്കും. ചേരിതിരിഞ്ഞ സംവാദങ്ങളിലൂടെ അറിവുകളുടെ ലോകത്തേക്ക് നാടിനെ കൈപിടിച്ചുയർത്തിയ കടയെന്ന പ്രത്യേകതയുമുണ്ട്. വിഷയത്തിെൻറ ഗൗരവം കൂടുന്നതിനനുസരിച്ച് മണ്ണെണ്ണ വിളക്കിെൻറ പ്രകാശത്തിൽ രാത്രി വൈകിയും ചർച്ച നീണ്ടിരുന്ന കാലത്തെ കുറിച്ച് പഴയ മനസുകൾ ഒാർത്തെടുക്കുന്നു. ഇതിെൻറ ഒാരത്തിട്ടിരുന്ന ബഞ്ചിലിരുന്നുള്ള ചർച്ചയിൽ നിന്നും ക്ലബ്ബുകളും മത സംഘടനകളുമൊക്കെ രൂപംകൊണ്ടിട്ടുണ്ട്.
കടയുടെ പശ്ചാത്തലത്തിൽ നടന്ന ആരോഗ്യകരമായ സംവാദങ്ങളും പതുക്കെപതുക്കെ കെട്ടടങ്ങി. ഇപ്പോൾ അത്തരം ചർച്ചകളൊന്നും ഇവിടില്ല. കാലം നാടിനെ പുരോഗതിയിലേക്ക് നയിച്ചപ്പോഴും വിളക്കുവെട്ടത്തിെൻറ പ്രകാശത്തിൽ തന്നെ മജീദ്കാക്ക കച്ചവടം തുടരുകയായിരുന്നു. മണ്ണെണ്ണ സ്റ്റൗവിലെ ചായ അതേപടി തുടരുന്നു. 22 വർഷം മുമ്പ് വാങ്ങിയ സ്റ്റൗവാണ് ഇപ്പോഴും ഉപയോഗത്തിലുള്ളത്. മൺകലത്തിൽ തന്നെയാണ് വെള്ളം കരുതുന്നത്. മാംഗോഫ്രഷും ലെയ്സ് തുടങ്ങി കാലാനുസൃതമായ കുറച്ച് സാധനങ്ങൾ സ്കൂളിലെ കുട്ടികളുടെ കച്ചവടം പ്രതീക്ഷിച്ച് കരുതിയത് മാത്രമാണ് മാറ്റം. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങളിലും മജീദ് സജീവമായിരുന്നു. എം.ഇ.എസ്, കോൺഗ്രസ്, ജമാഅത്ത് കമ്മിറ്റി തുടങ്ങിയ മേഖലകളിലാണ് സജീവമായി പ്രവർത്തിച്ചിരുന്നത്.